പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെന്‍ അന്തരിച്ചു

Advertisement

ന്യൂഡെല്‍ഹി.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെന്‍ (100) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമായിരുന്നു ഹീരാ ബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിയോഗ വിവരമറിഞ്ഞ് പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചു.

യുഎന്‍ മേത്ത ഹാര്‍ട്ട് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ ഈപുലര്‍ച്ചെ 3:39 ന് ശ്രീമതി ഹീരാബ മോദി അന്തരിച്ചു’ ബുധനാഴ്ച മുതല്‍ അവരെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനിലൂടെ വ്യക്തമാക്കി. പ്രധാനമന്ത്രി മോദിയുടെ ഇളയ സഹോദരന്‍ പങ്കജ് മോദിയ്ക്കൊപ്പം ഗാന്ധിനഗറിനടുത്തുള്ള റെയ്സന്‍ ഗ്രാമത്തിലായിരുന്നു ഹീരാബെന്‍ താമസിച്ചിരുന്നത്.

ഗുജറാത്ത് സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി പതിവായി അനിയന്റെ വീടി സന്ദര്‍ശിക്കുകയും അമ്മയ്ക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുമായിരുന്നു. ‘മഹത്തായ ഒരു നൂറ്റാണ്ട് ദൈവത്തിന്റെ പാദങ്ങളില്‍ കുടികൊള്ളുന്നു… ഒരു സന്യാസിയുടെ യാത്രയും നിസ്വാര്‍ത്ഥ കര്‍മ്മയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ജീവിതവും അടങ്ങുന്ന ആ ത്രിത്വം എനിക്ക് എപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്’, എന്നാണ് അമ്മയെ അനുസ്മരിച്ചുകൊണ്ട് നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചത്. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കാനിരിക്കെയാണ് അമ്മയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് പ്രധാനമന്ത്രി മോദി അഹമ്മദാബാദിലേക്ക് പുറപ്പെട്ടത്. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാിരിക്കും അദ്ദേഹം പരിപാടികളില്‍ പങ്കെടുക്കുകയെന്നാണ് സൂചന. ഈ വര്‍ഷം ജൂണില്‍ പ്രധാനമന്ത്രി മോദി തന്റെ 99-ാം ജന്മദിനത്തില്‍ അമ്മയെ കുറിച്ച് ഒരു ബ്ലോഗ് എഴുതിയിരുന്നു. തന്റെ മനസ്സിനെയും വ്യക്തിത്വത്തെയും ആത്മവിശ്വാസത്തെയും രൂപപ്പെടുത്തിയ അമ്മയുടെ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചായിരുന്നു പ്രധാനമന്ത്രി ബ്ലോഗില്‍ കുറിച്ചത്.

Advertisement