അംബാനി കുടുംബത്തിൽ വീണ്ടും ആഘോഷം; ആനന്ദ് അംബാനി – രാധിക മെർച്ചന്റ് വിവാഹനിശ്ചയ ചിത്രങ്ങൾ

Advertisement

മുംബൈ: അംബാനി കുടുംബത്തിലെ ഇളയപുത്രൻ ആനന്ദ് അംബാനി സുഹൃത്തും പ്രണയിനിയുമായ രാധിക മെർച്ചന്റിനെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നു. രാജസ്ഥാനിലെ നാഥ് ദ്വാരയിലുള്ള ശ്രീനാഥ്ജി ക്ഷേത്രത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇന്ന് വിവാഹനിശ്ചയം നടന്നു. മുംബൈ സ്വദേശിയാണ് രാധിക മെർച്ചന്റ്.

വർഷങ്ങളായി ഇരുവർക്കും പരസ്പരം അറിയാം. രണ്ടുപേരും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്തകൾ വർഷങ്ങളായി കേൾക്കുന്നുണ്ട്. വാർത്തകളെല്ലാം ശരിവച്ച് ഇരുവരും ഒന്നിക്കുകയാണ്. ‘രോക’ (വിവാഹനിശ്ചയം) ചടങ്ങിനെത്തിയ ആനന്ദ് ധരിച്ചിരുന്നത് നീല നിറത്തിലുള്ള പരമ്പരാഗത വേഷമാണ്. പീച്ച് നിറത്തിലുള്ള ലെഹങ്ക സെറ്റിൽ രാധികയും മനോഹരമായി അണിഞ്ഞൊരുങ്ങിയിരുന്നു.

2018 ൽ ഇഷ അംബാനിയുടെ സംഗീത് പരിപാടിയിൽ മനോഹരമായി നൃത്തം ചെയ്ത സുന്ദരിയെ അന്നുതന്നെ എല്ലാവരും ശ്രദ്ധിച്ചിരുന്നു. അംബാനി കുടുംബത്തിലെ അടുത്ത മരുമകൾ എന്ന രീതിയിൽ എല്ലാവർക്കും രാധികയെ നേരത്തേ അറിയാം. അടുത്ത വർഷം ഇരുവരുടെയും വിവാഹമുണ്ടാകുമെന്നാണ് സൂചന.

ന്യൂയോർക്ക് സർവകലാശാലയിൽനിന്നു പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ബിഡി സൊമാനി ഇന്റർനാഷനൽ സ്കൂളിൽ നിന്ന് ഐബി ഡിപ്ലോമയും നേടിയ രാധിക, ബോർഡ് ഓഫ് എൻകോർ ഹെൽത്ത്‌കെയറിൽ ഡയറക്ടറാണ്. യു‌എസ്‌എയിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ പഠനം പൂർത്തിയാക്കിയ ആനന്ദ് നിലവിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ‍ഡയറക്ടറാണ്. ജിയോ പ്ലാറ്റ്‌ഫോമുകളുടെയും റിലയൻസ് റീട്ടെയ്ൽ വെഞ്ചേഴ്സിന്റെയും ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Advertisement