എൻ‌ഐ‌എ റെയ്ഡ്: 5 പേര്‍ കസ്റ്റഡിയില്‍; ആയുധങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു

തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളുടെ വീടുകളില്‍ സംസ്ഥാന വ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡിൽ അഞ്ച് പേർ കസ്റ്റഡിയിൽ. എറണാകുളത്ത് എടവനക്കാട് സ്വദേശി മുബാറക്കിനെയാണ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം വിതുരയിലെ നേതാവിന്റെ വസതിയിൽ നടത്തിയ റെയ്‌ഡിൽ പോപ്പുലർ ഫ്രണ്ട് നേതാവ് സുൽഫി, സഹോദരൻ സുധീർ, ജോലിക്കാരനായ കരമന സ്വദേശി സലീം എന്നിവരും പിടിയിലായി.

56 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആയുധങ്ങളും മൊബൈല്‍ ഫോണുകളും രേഖകളും പിടിച്ചെടുത്തു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗങ്ങള്‍, മേഖല ഭാരവാഹികള്‍, കായിക, ആയുധ പരിശീലകര്‍, ആയുധ പരിശീലനം ലഭിച്ചവർ എന്നിവരുള്‍പ്പെടെ 56 പേരുടെ വീടുകളിലായിരുന്നു റെയ്ഡ്. ഇടുക്കിയും കാസര്‍കോടും ഒഴികെയുള്ള എല്ലാ ജില്ലകളിലും പുലര്‍ച്ചെ രണ്ടു മണി മുതല്‍ പരിശോധന ആരംഭിച്ചു. ഡല്‍ഹിയില്‍ നിന്നെത്തിയ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തീവ്രവാദ പ്രവർത്തനത്തിന്‍റെ പേരില്‍ കൊച്ചിയില്‍ റജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.

എറണാകുളം റൂറലില്‍ 13 ഇടങ്ങളിലായിരുന്നു പരിശോധന. വീട്ടില്‍നിന്ന് ആയുധങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തിയതോടെയാണ് എടവനക്കാട് സ്വദേശി മുബാറക്കിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. വിതുരയിൽനിന്നു കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യാനായി കൊച്ചിയിലെ എൻഐഎ ഓഫിസിലേക്കു കൊണ്ടുപോയി. സുൽഫിയുടെ വിതുര തൊളിക്കോട് പുളിമൂട്ടിലെ വീട്ടിലാണ് പരിശോധന നടത്തിയത്. എൻഐഎ ഡിവൈഎസ്പി: ആർ.കെ.പാണ്ടെയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പിഎഫ്ഐയുടെ നിരോധനത്തിന് ശേഷം ഇതാദ്യമായാണ് എന്‍ഐഎ സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തുന്നത്. പത്തനംതിട്ടയില്‍ റെയ്ഡ് വിവരം ചോര്‍ന്നുവെന്നാണ് നിഗമനം. പിഎഫ്ഐ മുന്‍ മേഖല സെക്രട്ടറി മുഹമ്മദ് റാഷിദ് റെയ്ഡിന് മുന്‍പ് സ്ഥലംവിട്ടതോടെയാണ് സംശയം ബലപ്പെട്ടത്. നിരോധനശേഷവും പിഎഫ്ഐ പ്രവര്‍ത്തനം തുടരുന്നുവെന്ന നിഗമനത്തില്‍ സാമ്പത്തിക സ്രോതസുകള്‍ കൂടി പരിശോധിക്കുകയാണ് എന്‍ഐഎയുടെ ലക്ഷ്യം.

Advertisement