പ്രധാനമന്ത്രി മോദിയുടെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം

Advertisement

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയെ (99), ഇന്നലെ രാത്രി ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഹമ്മദാബാദിലെ യു.എൻ.മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്ററിലാണ് പ്രവേശിപ്പിച്ചത്. ഹീരാബെന്നിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രധാനമന്ത്രി ആശുപത്രിയിലെത്തി അമ്മയെ സന്ദർശിച്ചു.

ഗുജറാത്തിലെ ബിജെപി എംഎൽഎമാരായ ദർശനബെൻ വഗേലയും കൗശിക് ജെയിനും ആശുപത്രിയിലെത്തി. അമ്മയുമായുള്ള ബന്ധത്തെക്കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുള്ള പ്രധാനമന്ത്രി, അടുത്തിടെ നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി എത്തിയപ്പോൾ അമ്മയെ സന്ദർശിച്ചിരുന്നു. അമ്മയുമായി പ്രധാനമന്ത്രി സംസാരിക്കുന്നതിന്റെയും ചായ കുടിക്കുന്നതിന്റെയും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

ജൂണിൽ അമ്മയുടെ 99-ാം ജന്മദിനവേളയിലും പ്രധാനമന്ത്രി എത്തിയിരുന്നു. കർണാടകയിലെ മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ പ്രധാനമന്ത്രിയുടെ സഹോദരൻ പ്രഹ്ലാദ് മോദിക്കും മറ്റു കുടുംബാംഗങ്ങൾക്കും പരുക്കേറ്റതിന് തൊട്ടുപിന്നാലെയാണ് ഹീരാബെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത വരുന്നത്.

Advertisement