മദ്യം തന്റെ കുടുംബത്തിനുണ്ടാക്കിയ തീരാവേദനയെക്കുറിച്ച് തുറന്ന് പറഞ്ഞ് കേന്ദ്രമന്ത്രി

സുൽ‌ത്താൻപുർ: പെൺമക്കളെയോ സഹോദരിമാരെയോ ഒരിക്കലും ഒരു മദ്യപനു വിവാഹം കഴിച്ചു കൊടുക്കരുതെന്നും മദ്യപനായ ഒരു ഉദ്യോഗസ്ഥനെക്കാളും നല്ല വരൻ ഒരു റിക്ഷക്കാരനോ കൂലിപ്പണിക്കാരനോ ആയിരിക്കുമെന്നുമുളള കേന്ദ്ര പാർപ്പിട, നഗര വികസന സഹമന്ത്രി കൗശൽ കിഷോറിന്റെ വാക്കുകൾ കേട്ട് സദസ്സ് ആദ്യം അമ്പരന്നു. പിന്നാലെ, മദ്യം തന്റെ കുടുംബത്തിനുണ്ടാക്കിയ തീരാനഷ്ടത്തെപ്പറ്റിയും അതൊരു പെൺകുട്ടിയുടെ ജീവിതത്തിൽ ഇരുട്ടു വീഴ്ത്തിയതിനെപ്പറ്റിയും നെഞ്ചുനീറി മന്ത്രി പറഞ്ഞു. ഉത്തർ പ്രദേശിലെ ലംഭുവയിൽ ഒരു ലഹരിവിമുക്ത പരിപാടിയിലായിരുന്നു മന്ത്രിയുടെ തുറന്നുപറച്ചിൽ.

‘‘ഞാനൊരു എംപിയും എന്റെ ഭാര്യ എംഎൽഎയുമായിരുന്നു. എന്നിട്ടും ഞങ്ങളുടെ മകന്റെ ജീവൻ രക്ഷിക്കാനായില്ല. അപ്പോഴെങ്ങനെയാണ് വെറും സാധാരണക്കാർക്ക് അതിനു കഴിയുക? എന്റെ മകൻ ആകാശ് കിഷോർ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കാറുണ്ടായിരുന്നു. അത് മദ്യപാനാസക്തിയായി. ഞങ്ങളവനെ ഒരു ലഹരിവിമുക്ത കേന്ദ്രത്തിലാക്കി. അവൻ അതിൽനിന്നു മുക്തനായെന്നു കരുതി, ആറുമാസം കഴിഞ്ഞ് അവനെ വിവാഹം കഴിപ്പിച്ചു. പക്ഷേ വിവാഹശേഷം ആകാശ് വീണ്ടും മദ്യപാനം തുടങ്ങി. അതവന്റെ മരണത്തിലെത്തിച്ചു. രണ്ടുവർഷം മുമ്പ്, ഒരു ഒക്ടോബർ 19 ന് അവൻ അകാലത്തിൽ വിടപറഞ്ഞപ്പോൾ അവന്റെ കുഞ്ഞുമകന് രണ്ടുവയസ്സിനോടടുത്തായിരുന്നു പ്രായം.

എനിക്ക് എന്റെ മകനെ രക്ഷിക്കാനായില്ല. അതുകൊണ്ട് അവന്റെ ഭാര്യ ചെറുപ്പത്തിൽത്തന്നെ വിധവയായി. നിങ്ങളുടെ പെൺ‌മക്കൾക്കും സഹോദരിമാർക്കും ഇങ്ങനെയൊരവസ്ഥയുണ്ടാകാതെ നോക്കണം. സ്വാതന്ത്ര്യ സമരത്തിൽ 6.32 ലക്ഷം പേരാണ് ബ്രിട്ടിഷുകാർക്കെതിരെ പോരാടി ജീവത്യാഗം ചെയ്തതെന്നാണ് കണക്ക്. എന്നാൽ ലഹരിയുപയോഗം മൂലം വർഷം തോറും 20 ലക്ഷത്തോളം പേരാണ് മരിക്കുന്നത്. കാൻസർ‌ മരണങ്ങളിൽ 80 ശതമാനവും പുകയിലയും സിഗരറ്റും ഉപയോഗിക്കുന്നതു മൂലമാണ്,’’

യുപിയിലെ മോഹൻലാൽഗഞ്ച് ലോക്സഭാ മണ്ഡലത്തിൽനിന്നുള്ള എംപിയാണ് കൗശൽ കിഷോർ. ജില്ലയിലെ എല്ലാ സ്കൂളുകളിലും പ്രഭാതപ്രാർഥനയ്ക്കൊപ്പം ലഹരിവിരുദ്ധ ബോധവൽക്കരണം വേണമെന്നും അദ്ദേഹം പറഞ്ഞു.

Advertisement