ട്രെയിനിന്റെ ചക്രത്തിന് തകരാർ; യാത്രക്കാരെ മാറ്റി

Advertisement

ന്യൂഡല‍്ഹി: വാരണാസിയിലേക്ക് പുറപ്പെട്ട വന്ദേഭാരത് ട്രെയിനിന്റെ ചക്രത്തിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരെ ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിലേക്ക് മാറ്റി. തകരാർ കണ്ടെത്തിയ ഗ്രൗണ്ട് സ്റ്റാഫ് ഇടപെട്ട് 100 കിലോമീറ്റർ വേഗതയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്താൻ റെയിൽവേ ഓപ്പറേഷൻ കൺട്രോളിനെ അറിയിക്കുകയായിരുന്നു.

ഡൽഹിയിൽ നിന്ന് 67 കിലോമീറ്റർ അകലെയുള്ള ബുലന്ദ്ഷഹറിന് സമീപത്തെ റെയിൽവേ സ്റ്റേഷനിലാണ് രാവിലെ 7:20 ഓടെ ട്രെയിൻ നിർത്തിയത്. പിന്നീട്, ടെക്‌നിക്കൽ സ്റ്റാഫ് ട്രെയിൻ ചക്രം പരിശോധിച്ച ശേഷം ഖുർജ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് 12:40 ഓടെ വന്ദേ ഭാരത് എക്‌സ്‌പ്രസിലെ യാത്രക്കാരെ ദില്ലിയിൽ നിന്ന് കൊണ്ടുവന്ന ശതാബ്ദി എക്‌സ്‌പ്രസിലേക്ക് മാറ്റി. വന്ദേ ഭാരത് എക്‌സ്‌പ്രസിന് ദങ്കൗറിനും വെയർ സ്റ്റേഷനുകൾക്കുമിടയിൽ സി എട്ട് കോച്ചിന്റെ ട്രാക്ഷൻ മോട്ടോറിൽ കേടുപാടുകൾ സംഭവിച്ചു. ട്രെയിൻ നിയന്ത്രിത വേഗതയിൽ ഖുർജയിലേക്ക് നീക്കിയെന്ന് റെയിൽവേ അറിയിച്ചു.

1,068 യാത്രക്കാരാണ് വന്ദേഭാരത് ട്രെയിനിലുണ്ടായിരുന്നത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും റെയിൽവേ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് വന്ദേഭാരത് ട്രെയിനിന് കേടുപാടുകൾ സംഭവിക്കുന്നത്. ഗാന്ധിനഗറിനും മുംബൈയ്ക്കും ഇടയിലുള്ള വന്ദേ ഭാരത് എക്‌സ്‌പ്രസിൽ കന്നുകാലികൾ ഇടിച്ച് രണ്ട് തവണ മൂക്കിന് കേടുപാടുകൾ സംഭവിച്ചിരുന്നു.

കഴിഞ്ഞ ദിവസം വന്ദേഭാരത് എക്സ്പ്രസ് വീണ്ടും അപകടത്തിൽപ്പെട്ടിരുന്നു. പോത്തുകളുടെ കൂട്ടത്തിൽ ഇടിച്ചുണ്ടായ അപകടത്തിന് പിന്നാലെയാണ് വീണ്ടും അപകടം. ഇത്തവണ പശുവുമായി ഇടിച്ചാണ് വന്ദേഭാരത് എക്സ്പ്രസ് അപകടത്തിൽപെട്ടത്. വെള്ളിയാഴ്ച ഗാന്ധിനഗർ- മുംബൈ റൂട്ടിൽ അനന്ദ് സ്റ്റേഷന് സമീപത്താണ് പുതിയ സംഭവം. ട്രെയിൻ ട്രാക്കിലുണ്ടായിരുന്ന പശുവിനെ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആദ്യ കോച്ചിന്റെ മുൻഭാഗം ചളുങ്ങിയിട്ടുണ്ട്. അപകടത്തെ തുടർ ട്രെയിൻ പത്ത് മിനുട്ടോളം നിർത്തിയിട്ട് പരിശോധന നടത്തിയതിന് ശേഷമാണ് സർവീസ് പുനഃരാരംഭിച്ചത്.

കഴിഞ്ഞദിവസവും ഇതേ റൂട്ടിലാണ് വന്ദേഭാരത് ട്രെയിൻ കന്നുകാലി കൂട്ടത്തിലിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ നാല് പോത്തുകൾ ചത്തിരുന്നു. പോത്തുകളെ ഇടിച്ച് ട്രെയിനിന്റെ മുൻഭാഗത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ഗുജറാത്തിലെ മണിനഗർ -വട്വ സ്റ്റേഷനുകൾക്കിടയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം.

Advertisement