സര്‍ക്കാര്‍ നടപടിയില്‍ നിന്ന് രക്ഷപ്പെട്ട് എസ്ഡിപിഐ; സ്വതന്ത്ര മതേതര സംഘടനയെന്ന് അവകാശവാദം

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം പോപ്പുലര്‍ ഫ്രണ്ടിനെയും അതിന്റെ അനുബന്ധ സംഘടനകളെയും അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമാണെന്ന് കരുതുന്ന എസ്ഡിപിഐ ഈ നടപടിയില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുകയാണ്.

തങ്ങള്‍ സ്വതന്ത്ര സംഘടനയാണെന്നും പോപ്പുലര്‍ ഫ്രണ്ടുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവും ഇല്ലെന്നുമാണ് ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ പ്രതികരിച്ചത്. എസ്ഡിപിഐയെ രാഷ്ട്രീയ പാര്‍ട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതിനാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കമ്മീഷന് മാത്രമേ അധികാരമുള്ളൂ എന്നാണ് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്. ഇക്കാര്യങ്ങളില്‍ പക്ഷേ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് വ്യക്തമായ പ്രതികരണം ഉണ്ടായിട്ടില്ല.

2009ജൂണ്‍ 21ന് ഡല്‍ഹിയിലാണ് എസ്ഡിപിഐ രൂപം കൊണ്ടത്. 2010 ഏപ്രില്‍ 13ന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തു. അതേസമയം പോപ്പുലര്‍ ഫ്രണ്ട് 1860ലെ സൊസൈറ്റീസ് ഓഫ് രജിസ്‌ട്രേഷന്‍ നിയമപ്രകാരമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഇക്കാര്യത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറോ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അനൂപ് ചന്ദ്ര പാണ്ഡെയോ പ്രതികരിക്കാന്‍ തയാറായിട്ടില്ല. ആറ് വര്‍ഷമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത പാര്‍ട്ടികളെ രാഷ്ട്രീയ പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് പുറത്താക്കാനുള്ള നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് പോകുകയാണ്. ഇതിന്റെ ഭാഗമായി മെയ് മാസം മുതല്‍ 537 പാര്‍ട്ടികളെ നിഷ്‌ക്രിയമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദക്കാന്‍ 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം കമ്മീഷന് അധികാരമില്ല. ഇത്തരമധികാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ കമ്മീഷന്‍ നിയമമന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ടെങ്കിലും ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

പോപ്പുലര്‍ ഫ്രണ്ടിന്റെ പോഷക സംഘടനയായിരുന്നു എസ്ഡിപിഐ എങ്കില്‍ കഴിഞ്ഞ ദിവസം തന്നെ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കുമായിരുന്നു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. എന്നാല്‍ അത്തരമൊരു പരാമര്‍ശം ഉണ്ടായിട്ടില്ല. അത് കൊണ്ട് തന്നെ നിലവില്‍ അവര്‍ക്കെതിരെ നടപടിയെടുക്കാനും സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് അകലം പാലിക്കുന്നുണ്ടെങ്കിലും നിരോധനത്തെ അപലപിച്ച് എസ്ഡിപിഐ കഴിഞ്ഞ ദിവസം തന്നെ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടിനെയും അതിന്റെ പോഷക സംഘടനകളെയും നിരോധിക്കുക വഴി ബിജെപി സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്തിരിക്കുകയാണെന്നും ഭരണഘടന ഉറപ്പ് നല്‍കുന്ന പൗരാവകാശങ്ങള്‍ ലംഘിച്ചിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. മന്ത്രാലയത്തിന്റെ നടപടി ജനാധിപത്യ വിരുദ്ധമായത് കൊണ്ടാണ് തങ്ങള്‍ക്ക് ഇത്തരമൊരു പ്രസ്താവന നടത്തേണ്ടി വന്നത് എന്നാണ് എസ്ഡിപിഐ ദേശീയ സെക്രട്ടറി ഇല്യാസ് തുമ്പെ പ്രതികരിച്ചത്.

ന്യൂനപക്ഷങ്ങളുടെ ഉദ്ധാരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്ഡിപിഐ ഒരു മതേതര സംഘടനയാണെന്നും ഇതില്‍ എല്ലാ വിഭാഗത്തിലുള്ളവരും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. സംഘടനയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നോ മറ്റ് അന്വേഷണ ഏജന്‍സികളില്‍ നിന്നോ യാതൊരു തരത്തിലുള്‌ള ചോദ്യങ്ങളെയും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളം, തമിഴ്‌നാട്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, കര്‍ണാടക, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും പാര്‍ട്ടിക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുണ്ട്. ഭീകരപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട പ്രഗ്യാ സിങ് താക്കൂര്‍ ലോക്‌സഭാംഗമാണെന്നാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കുറ്റപത്രങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം പ്രതികരിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളിലെ ആയിരക്കണക്കിന് അംഗങ്ങള്‍ പല കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടുന്നുണ്ട്. അതിനൊന്നും പാര്‍ട്ടി ഉത്തരവാദിയല്ല. ലോക്‌സഭാംഗങ്ങളില്‍ 43ശതമാനവും കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. എന്നിട്ടും എന്ത് കൊണ്ട് കോണ്‍ഗ്രസിനെയും ബിജെപിയെയും നിരോധിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു

Advertisement