കേരള സ്റ്റൈലിൽ കണ്ണനെ കാണാൻ കനയ്യ കുമാർ ഗുരുവായൂരിൽ; സന്ദർശനം ജോഡോ യാത്രക്കിടെ

തൃശൂർ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കൊപ്പം സഞ്ചരിക്കുന്ന ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല മുൻ വിദ്യാർഥി യൂണിയൻ ചെയർമാനും കോൺഗ്രസ് നേതാവുമായ കനയ്യ കുമാർ ഗുരുവായൂർ സന്ദർശനം നടത്തി. ജോഡോ യാത്രക്കായി തൃശൂരിൽ എത്തിയപ്പോഴായിരുന്നു കനയ്യ കുമാറിൻറെ ഗുരുവായൂർ സന്ദർശനം. തനതായ കേരളീയ വേശത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിൽകുന്ന ചിത്രം കനയ്യ കുമാർ തന്നെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

ജോഡോ യാത്രയുടെ ഓരോ ദിവസത്തെ പര്യടനത്തിൻറെ ചിത്രങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കനയ്യ പങ്കുവയ്ക്കുന്നുണ്ട്. മുൻ കെപിസിസി സെക്രട്ടറി എ.പ്രസാദ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സി.എസ് സൂരജ് എന്നിവർക്കൊപ്പമാണ് കനയ്യ ഗുരുവായൂരിലെത്തിയത്.

ജെഎൻയു സമരനായകൻ എന്ന നിലയിലാണ് കനയ്യ കുമാറിൻറെ പേര് രാജ്യമാകെ ചർച്ച ചെയ്യപ്പെട്ടത്. പിന്നീട് സിപിഐ ദേശീയ നിർവാഹക സമിതി അംഗമായ കനയ്യ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബെഗുസരായിൽ നിന്ന് മത്സരിച്ചിരുന്നു. ഒടുവിൽ സിപിഐയുമായി തെറ്റിപ്പിരിഞ്ഞ് കോൺഗ്രസിൽ ചേരുകയായിരുന്നു.

അതേസമയം, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളം വിടും മുന്നേ, കോൺഗ്രസിന്റെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കുകയാണ് രാജസ്ഥാനിലെ രാഷ്ട്രീയ ‘നാടകം’. കോൺഗ്രസ് അധ്യക്ഷനാക്കാൻ നിശ്ചയിച്ച അശോക് ഗെലോട്ട് രായ്ക്കു രാമാനം രാജസ്ഥാനിൽ നടത്തിയ അട്ടിമറി നീക്കം യാത്രയുടെ തന്നെ ശോഭ കെടുത്തുമോ എന്ന ആശങ്കയിലാണ് നേതാക്കൾ.

കന്യാകുമാരിയിൽ നിന്ന് തുടങ്ങിയ യാത്ര കേരളത്തിൽ പ്രവേശിച്ചതിന് പിന്നാലെ, ഗോവയിൽ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറിയത് രാഷ്ട്രീയ എതിരാളികൾ ആഘോഷമാക്കിയിരുന്നു. അതിന്റെ ചൂടാറും മുമ്പാണ് രാജ്യത്ത് കോൺഗ്രസ് ഭരണം ബാക്കിയുള്ള രണ്ട് സംസ്ഥാനങ്ങളിൽ ഒന്നിൽ കൂടി പ്രതിസന്ധി നേരിടുന്നത്.

Advertisement