കാസിരംഗയിൽ രാത്രി സഫാരിയുമായി സദ്ഗുരുവും അസം മുഖ്യമന്ത്രിയും

ഗുവാഹത്തി: കാസിരംഗ ദേശീയോദ്യാനത്തിൽ രാത്രി സഫാരി നടത്തിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, സദ്ഗുരു ജഗ്ഗി വാസുദേവ്, ടൂറിസംമന്ത്രി ജയന്ത മല്ല ബറുവ എന്നിവർക്കെതിരെ പരാതി. വന്യജീവി സംരക്ഷണനിയമം ലംഘിച്ചെന്ന് ആരോപിച്ച് അസമിലെ പരിസ്ഥിതി പ്രവർത്തകരായ സോനേശ്വർ നാര, പ്രഭിൻ പെഗു എന്നിവരാണ് പരാതി നൽകിയത്.

1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം, മൃഗങ്ങളെയും അവരുടെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്നതിന് നിശ്ചിത സമയത്തിനുശേഷം ദേശീയോദ്യാനത്തിൽ രാത്രിയാത്രകൾ നിരോധിച്ചിട്ടുണ്ടെന്ന് പ്രവർത്തകർ അറിയിച്ചു. ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ വസിക്കുന്ന കാസിരംഗ ദേശീയോദ്യാനത്തിൽ വൈകിട്ട് നാലിനുശേഷം സഫാരി നടത്തുന്നതിന് അനുവാദമില്ല.

എന്നാൽ ശനിയാഴ്ച വൈകിട്ട് ആറിനു ശേഷം മുഖ്യമന്ത്രിയും ടൂറിസം മന്ത്രിയും സദ്ഗുരുവും പ്രവേശിച്ചെന്നാണ് ആരോപണം. നിയമം എല്ലാവർക്കും ഒരുപോലെയാകണമെന്നും മുൻപ് ഇങ്ങനെ പ്രവേശിച്ചവരെ വനപാലകർ കൊല്ലുകയും വേട്ടക്കാരായി മുദ്രകുത്തുകയും ചെയ്തതായും അവർ പറഞ്ഞു. ഗോലാഘട്ട് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇതുവരെ കേസ് റജിസ്റ്റർ ചെയ്തിട്ടില്ല.

സമൂഹമാധ്യമങ്ങളിലും പ്രാദേശികമാധ്യമങ്ങളിലും പ്രചരിക്കുന്ന വിഡിയോയിൽ, തുറന്ന സഫാരി എസ്‌യുവിയിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, സദ്ഗുരു, ടൂറിസംമന്ത്രി ജയന്ത മല്ല ബറുവ എന്നിവരെ കാണാം. സദ്ഗുരുവാണ് വാഹനം ഓടിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഇവർക്കെതിരെ വ്യാപക വിമർശനമുണ്ട്.

എന്നാൽ നിയമലംഘനമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോടു വിശദീകരിച്ചു. ‘‘വന്യജീവി നിയമമനുസരിച്ച്, രാത്രിയിൽ സംരക്ഷിത പ്രദേശത്തേക്ക് പ്രവേശിക്കാൻ വാർഡന് അനുമതി നൽകാം. രാത്രിയിൽ ആളുകൾ പ്രവേശിക്കുന്നത് ഒരു നിയമവും തടയുന്നില്ല. ശനിയാഴ്ച, ഈ വർഷത്തെ സീസണിന്റെ ഔപചാരിക തുടക്കമായിരുന്നു. സദ്ഗുരുവും ശ്രീശ്രീ രവിശങ്കറും എത്തിയിരുന്നു. അവർക്ക് ലക്ഷക്കണക്കിന് അനുയായികൾ ഉള്ളതിനാൽ, ഇത്തവണ കാസിരംഗ ടൂറിസ്റ്റ് സീസൺ വളരെ നല്ലതായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.’’ – മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സദ്ഗുരുവിനെയും മുഖ്യമന്ത്രിയെയും ക്ഷണിച്ചത് വനം വകുപ്പാണെന്ന് അസമിലെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എം.കെ.യാദവ പറഞ്ഞു. ‘‘സദ്ഗുരുവും മുഖ്യമന്ത്രിയും ദേശീയോദ്യാനത്തിൽ പ്രവേശിച്ച് രാത്രി വൈകി സഫാരി നടത്തിയെന്ന് പറയുന്നത് തെറ്റാണ്. എല്ലാ ക്രമീകരണങ്ങളും ചെയ്തിരുന്നു. ഇരുട്ടായെന്ന കാരണംകൊണ്ട് പ്ലാൻ റദ്ദാക്കാൻ കഴിയില്ല.’’ – അദ്ദേഹം പറഞ്ഞു.

സർക്കാർ ക്ഷണിച്ചതിനെ തുടർന്നാണ് എത്തിയതെന്ന് സദ്ഗുരുവിന്റെ ഇഷ ഫൗണ്ടേഷൻ പ്രസ്താവനയിൽ പറഞ്ഞു. “ഈ പ്രത്യേക അവസരത്തിന് ആവശ്യമായ എല്ലാ അനുമതികളും സർക്കാർ എടുത്തിട്ടുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.” പ്രസ്താവനയിൽ പറയുന്നു.

Advertisement