ഹത്രസിന് പിന്നാലെ വർഗീയ കലാപത്തിന് പദ്ധതി; സമാഹരിച്ചത് 120 കോടി രൂപ: ഇഡി

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെതിരെ (പിഎഫ്ഐ) കൂടുതൽ വെളിപ്പെടുത്തലുകളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഹത്രസ് സംഭവത്തിന് പിന്നാലെ വർഗീയ കലാപത്തിന് പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടു. മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ നാലുപേർ ഇതിനായി നിയോഗിക്കപ്പെട്ടുവെന്നും ലക്നൗ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ഹത്രസ് സംഭവത്തിന് പിന്നാലെ സമുദായ സൗഹാർദം തകർക്കാനും വർഗീയ കലാപത്തിനും നീക്കമുണ്ടായി. പോപ്പുലർ ഫ്രണ്ട് അംഗവും ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ ജനറൽ സെക്രട്ടറിയുമായിരുന്ന കെ.എ.റൗഫ് ഷെരീഫ് ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകി. ഇവർക്ക് വിദേശത്തുനിന്ന് 1.36 കോടി രൂപയുടെ ധനസഹായം ലഭിച്ചു. മലയാളിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഷെഫീഖ് പായത്തിൻറെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

ഷെഫീഖ് പായം ഖത്തറിലെ സജീവ പിഎഫ്ഐ അംഗമായിരുന്നു. ഷെഫീഖ് വഴി റൗഫിന് പണമയച്ചു. സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ നാലു പേരുടെ ഹത്രസിലേക്കുള്ള യാത്ര ഗൂഢലക്ഷ്യത്തോടെയായിരുന്നു. സമുദായ സൗഹാർദം തകർക്കാനാണ് ഇവർ ശ്രമിച്ചത്. വഴിമധ്യേ യുപി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു.

സ്വദേശത്തുനിന്നും വിദേശത്തുനിന്നും ഏതാണ്ട് 120 കോടിയോളം രൂപയാണ് പോപ്പുലർ ഫ്രണ്ട് സമാഹരിച്ചത്. ആയിരത്തിലധികം അക്കൗണ്ടുകൾ ഇതുമായി ബന്ധപ്പെട്ട് പരിശോധിക്കേണ്ടതുണ്ട്. 2020ലെ ഡൽഹി കലാപത്തിലും വിദേശ ഫണ്ടിങ്ങുണ്ടായി. കലാപം ആളിക്കത്തിക്കാൻ പോപ്പുലർ ഫ്രണ്ട് ശ്രമിച്ചതായും ഇഡി പറയുന്നു. ഷെഫീഖ് പായം ഉൾപ്പെടെയുള്ളവർ ഒക്ടോബർ മൂന്നുവരെ ഇഡിയുടെ കസ്റ്റഡിയിലാണ്.

Advertisement