മൂൺലൈറ്റിങ്: വിപ്രോയ്ക്ക് പിന്നാലെ ടിസിഎസിലും മുന്നറിയിപ്പ്; ഐടി കമ്പനികൾ കർശന നടപടിയിലേക്ക് കടക്കുന്നു

ന്യൂഡൽഹി: കൊവിഡ് കാലത്ത് തുടങ്ങിയ വർക്ക് ഫ്രം ഹോം സാമ്പത്തികമായി ഐ ടി കമ്പനികൾക്ക് പുതിയ സാധ്യതയായിരുന്നു. ഓഫീസ് സൗകര്യങ്ങൾ തന്നെ ഒഴിവാക്കി, മേൽവിലാസത്തിന് മാത്രമൊരു ഓഫീസ് നിലനിർത്തുന്ന രീതി ചെലവുചുരുക്കലിൻറെ മാർഗമായി. കൊവിഡ് നിയന്ത്രണങ്ങൾ മാറിയെങ്കിലും വർക്കം ഫ്രം ഹോം തുടരാൻ കമ്പനികളെ പ്രേരിപ്പിച്ചതും ഈ സമ്പത്തിക നേട്ടം തന്നെയായിരുന്നു. എന്നാൽ പുതിയ സാധ്യതകൾക്കൊപ്പം പുതിയ പ്രശ്നങ്ങളും സംഭവിക്കുന്നത് പോലെ എം എൻ സികൾക്ക് തലവേദന സൃഷ്ടിക്കുകയാണ് വർക്ക് ഫ്രം ഹോമിനിടെയുള്ള മൂൺലൈറ്റിങ്.

വർക്ക് ഫ്രം ഹോം സംവിധാനം ഐ ടി മേഖലയിൽ അധികമായതോടെയാണ് മൂൺലൈറ്റിങ് രീതി ജീവനക്കാർ കൂടുതൽ തുടങ്ങിയത്. മുൻപും മൂൺലൈറ്റിങ് ജോലി നടത്തിയിരുന്നെങ്കിലും വർക്ക് ഫ്രം ഹോം കൂടിയതോടെ ഇത് വർധിച്ചു. സ്കിൽ ഡവൽപ്പ്മെൻറ് എന്ന് വിശേഷിപ്പിച്ചാണ് ജോലി സമയം കഴിഞ്ഞ് മറ്റൊരു കമ്പനിക്കായി ഫ്രീലാൻസറ്‍ പോലെ ഐ ടി ജീവനക്കാർ ജോലി ചെയ്യുന്നത്. മറ്റ് കമ്പനികളുടെ അസൈമെൻറുകൾ പുറത്ത് നിന്ന് ഏറ്റെടുക്കുന്ന ഏജൻസി പോലെ പ്രവർത്തിക്കുന്നു. പ്രോഗാമിങ്ങിനും കോഡിങ്ങിനുമെല്ലാം മികച്ച കഴിവുള്ളവർ അധിക വരുമാനം നേടുന്നു.

ഷിഫ്റ്റ് സമയം കഴിഞ്ഞാണ് പ്രവർത്തിക്കുന്നതെന്നും ഇത് കൂടുതൽ അറിവ് നേടാനും കഴിവ് വർധിപ്പിക്കാനുമുള്ള സാധ്യതയെന്നുമാണ് ജീവനക്കാരുടെ വാദം. എന്നാൽ വർക്ക് ഫ്രം ഹോം സംവിധാനം ആയതിനാൽ കമ്പനി ലോഗിൻ ചെയ്ത്, മറ്റൊരു സെർവറിൽ മറ്റ് അസൈമെൻറുകൾ ഏറ്റെടുത്ത് ഒരേസമയം ചെയ്യുന്നവർ നിരവധി. ഒരു സ്ഥാപനത്തിൽ മുഴുവൻ സമയ ജീവനക്കാരാനായിക്കേ മറ്റൊരു കമ്പനിക്ക് വേണ്ടി പ്രവർത്തിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് എം എൻ സി ഐ ടി കമ്പനികൾ. കമ്പനി നയങ്ങളും ചട്ടങ്ങളും പുറത്താകുന്നതിന് കൂടി തുല്യമാണ് ജീവനക്കാരുടെ ഇരട്ടജോലി സംവിധാനമെന്ന് കമ്പനികൾ ചൂണ്ടികാട്ടുന്നു. ഇതിൻറെ ഭാഗമായി 300 ജീവനക്കാരെ വിപ്രോ പുറത്താക്കിയിരുന്നു. പിന്നാലെ ടി സി എസ്സും ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി. ഐ ബി എം, ടെക് മഹീന്ദ്ര, ഇൻഫോസിസ് അടക്കമുള്ള കമ്പനികളും മൂൺലൈറ്റിങ് ജോലിക്ക് എതിരെ രംഗത്തെത്തി കഴിഞ്ഞു.

Advertisement