ഭോപ്പാൽ: മധ്യപ്രദേശിലെ ഖത്ഖാരിയിലുള്ള ഗേൾസ് സ്‌കൂളിലെ ടോയ്‌ലറ്റ് കൈകൊണ്ട് വൃത്തിയാക്കുന്ന ബിജെപി എംപിയുടെ വീഡിയോ വൈറലാകുന്നു. റെവ എംപിയായ ജനാർദ്ദൻ മിശ്ര വെറും കൈ കൊണ്ട് ശുചിമുറി വൃത്തിയാക്കുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മറ്റ് ഉപകരണങ്ങളോ സാനിറ്ററി ഉൽപന്നങ്ങളോ ഉപയോഗിക്കാതെ കൈ ഉപയോഗിച്ച് എംപി ശുചിമുറി വൃത്തിയാക്കുന്ന എംപിയെ വീഡിയോയിൽ കാണാം.

അദ്ദേഹം തന്നെ ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെയ്ക്കുകയും ചെയ്തു. യുവമോർച്ച സംഘടിപ്പിച്ച മരം നട്ടുപിടിപ്പിക്കൽ പരിപാടിയുടെ ഭാഗമായാണ് എംപി സ്കൂളിൽ എത്തിയത്. മരം നടലിന് ശേഷമാണ് സ്കൂളിലെ ശുചിമുറിയുടെ മോശം അവസ്ഥയെ കുറിച്ച് എംപി മനസിലാക്കുന്നത്. ഉപയോഗിക്കാൻ പോലും സാധിക്കാത്ത വിധത്തിൽ അഴുക്ക് പിടിച്ച് നിലയിലായിരുന്നു ശുചിമുറി. ഇത് മനസിലാക്കിയ എംപി അപ്പോൾ തന്നെ ശുചിമുറി വൃത്തിയാക്കാൻ തീരുമാനിക്കുകയായിരുന്നു.

ഒരു ബക്കറ്റിൽ വെള്ളം നിറച്ച എംപി കൈ കൊണ്ട് ഉരച്ച് കക്കൂസ് വൃത്തിയാക്കുകയായിരുന്നു. ഇതിൻറെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ച എംപി പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാൻ എന്നിവരെ ടാഗ് ചെയ്തിട്ടുമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് അഭിയാന് വലിയ പിന്തുണ നൽകുന്ന ജനാർദ്ദൻ മിശ്ര സ്കൂളിലെ ടോയ്‌ലറ്റ് വൃത്തിയാക്കുന്നത് ഇതാദ്യമായല്ല. 2018 ഫെബ്രുവരിയിൽ, തൻറെ നിയോജക മണ്ഡലത്തിലുള്ള ഒരു പ്രൈമറി സ്കൂളിലെ ടോയ്‌ലറ്റ് വൃത്തിയാക്കുന്ന എംപിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നേരത്തെ, തൻറെ മണ്ഡലമായ റെവയിലെ തെരുവുകൾ വൃത്തിയാക്കുന്ന ജനാർദ്ദൻ മിശ്രയുടെ വീഡിയോയും ശ്രദ്ധിക്കപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here