ഇന്റർനെറ്റ് കോളിങ് ആപ്പുകൾക്ക് ലൈസൻസ് നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രം

ന്യൂഡൽഹി: വാട്‌സ്‌ആപ്പ്, സൂം, സ്‌കൈപ് പോലുള്ള ആപ്ലിക്കേഷനുകൾക്ക് രാജ്യത്ത് പ്രവർത്തിക്കാൻ ലൈസൻസ് നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ.

വിളിക്കാനും സന്ദേശം അയക്കാനും സൗകര്യം നൽകുന്ന ആപ്ലിക്കേഷനുകൾക്കാണ് ഇത്തരത്തിൽ ലൈസൻസ് നിർബന്ധമാക്കാൻ ഒരുങ്ങുന്നത്. ഇക്കാര്യങ്ങൾ വ്യവസ്ഥ ചെയ്യുന്ന ടെലി കമ്യൂണിക്കേഷൻ ബില്ലിന്റെ കരട് ടെലികോം മന്ത്രാലയം അവതരിപ്പിച്ചു.

ടെലികമ്യൂണിക്കേഷൻ സേവനവും ടെലികമ്യൂണിക്കേഷൻ നെറ്റ്‌വർക്കും ലഭ്യമാക്കാൻ, സ്ഥാപനങ്ങൾ ലൈസൻസ് കരസ്ഥമാക്കിയിരിക്കണമെന്നാണ് കരട് ബില്ലിൽ പറഞ്ഞിരിക്കുന്നത്. ടെലകോം, ഇന്റർനെറ്റ് സേവനദാതാക്കൾക്ക് ഫീസും പിഴയും ഒഴിവാക്കാനുള്ള വ്യവസ്ഥയും ഒടിടി ആപ്പുകളെ ടെലി കമ്യൂണിക്കേഷൻ സേവനമായും കരട് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ടെലികോം അല്ലെങ്കിൽ ഇന്റർനെറ്റ് സേവനദാതാക്കൾ ലൈസൻസ് തിരിച്ചേൽപിക്കുന്ന പക്ഷം, ഫീസ് തിരിച്ചു നൽകാനും വ്യവസ്ഥ മുന്നോട്ടുവെക്കുന്നുണ്ട്. ഇന്ത്യൻ ടെലികോം ബിൽ 2022നെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് തേടുന്നു എന്ന കുറിപ്പോടെ കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്ണവ് കരട് ബില്ലിന്റെ ലിങ്ക് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചു. കരട് ബില്ലിന്മേൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. ഒക്ടോബർ 20 വരെയാണ് അഭിപ്രായങ്ങൾ അറിയിക്കാനുള്ള അവസരം.

Advertisement