ന്യൂ ഡെൽഹി :
എൻഐഎ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന് പിന്നാലെ പോപുലർ ഫ്രണ്ടിനെ നിരോധിക്കുന്നത് ചർച്ച ചെയ്ത് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്ത യോഗം സ്ഥിതിഗതികൾ വിലയിരുത്തി. യുപി പോലുള്ള ചില സംസ്ഥാനങ്ങൾ പിഎഫ്‌ഐ നിരോധിക്കണമെന്ന ആവശ്യം നേരത്തെ കേന്ദ്രത്തോട് ഉന്നയിച്ചിരുന്നു. പോപുലർ ഫ്രണ്ടിനെ ഭീകര സംഘടനയെന്നാണ് സിദ്ധിഖ് കാപ്പൻ കേസ് പരിഗണിക്കുന്നതിനിടെ യുപി സർക്കാർ സുപ്രീം കോടതിയിൽ വിശേഷിപ്പിച്ചത്
ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് എൻഐഎ രാജ്യവ്യാപക റെയ്ഡും അറസ്റ്റും ഇന്ന് പുലർച്ചെ മുതൽ ആരംഭിച്ചത്. പതിനൊന്ന് സംസ്ഥാനങ്ങളിൽ നിന്നായി 106 പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. സംസ്ഥാന സർക്കാരുകളെ പോലും അറിയിക്കാതെയായിരുന്നു എൻഐഎയുടെ റെയ്ഡ്. കേന്ദ്രസേനയുടെ സുരക്ഷയും ഉറപ്പാക്കിയിരുന്നു. 
റെയ്ഡ് നിരീക്ഷിക്കാൻ പലയിടത്തായി ആറ് കൺട്രോൾ റൂമുകൾ തയ്യാറാക്കിയിരുന്നു. അജിത് ഡോവൽ ഓപറേഷൻ നിരീക്ഷിച്ചെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് എൻഐഎ മേധാവിയും അജിത് ഡോവലും അമിത് ഷായെ കണ്ടത്. 
കേരളത്തിൽ നിന്ന് പോപുലർ ഫ്രണ്ട് ദേശീയ, സംസ്ഥാന നേതാക്കളായ 18 പേരാണ് അറസ്റ്റിലായത്. ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം അടക്കമുള്ള മുതിർന്ന നേതാക്കളാണ് അറസ്റ്റിലായത്. എട്ട് പേരെ ഡൽഹിയിലേക്ക് കൊണ്ടുപോയി. പത്ത് പേരുടെ അറസ്റ്റ് കൊച്ചി എൻഐഎ യൂണിറ്റ് രേഖപ്പെടുത്തി. ഇവരെ എൻഐഎ കോടതിയിൽ ഹാജരാക്കും. 
ദേശീയ പ്രസിഡന്റ് ഒഎംഎ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം, ഇടുക്കി ജില്ലാ സെക്രട്ടറി സൈനുദ്ദീൻ, സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ബഷീർ, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് മുഹമ്മദ്, ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദലി ജിന്ന, നജിമുദ്ദീൻ മുണ്ടക്കയം, പി കോയ, മുഹമ്മദ് ഷാഹിദ് എന്നിവരാണ് കേരളത്തിൽ അറസ്റ്റിലായത്
പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളിലുമടക്കം 70 ഇടങ്ങളിലാണ് പുലർച്ചെ റെയ്ഡ് നടന്നത്. ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരേ സമയം ഇത്രയേറെ സ്ഥലങ്ങളിൽ എൻഐഎ ഒന്നിച്ച് റെയ്ഡ് നടത്തുന്നത്. പുലർച്ചെ മൂന്നരയോടെ കേന്ദ്രസേനയെ വിന്യസിച്ചായിരുന്നു റെയ്ഡ്. 
കോഴിക്കോട്ടെ ആസ്ഥാന മന്ദിരമടക്കം റെയ്ഡ് ചെയ്തു. രേഖകളും നോട്ടീസുകളും ലാപ് ടോപ്പുകളും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു. കാസർകോട് ചന്ദ്രഗിരി ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിലും റെയ്ഡ് നടന്നു. കണ്ണൂരിലും കോഴിക്കോടും മലപ്പുറത്തും മാനന്തവാടിയിലും കൊച്ചിയിലും പ്രവർത്തകർ സംഘടിച്ചെത്തി പ്രതിഷേധിച്ചു. കണ്ണൂരിൽ പ്രവർത്തകരെ പോലീസ് നീക്കം ചെയ്യുന്നതിനിടെ സുപ്രഭാതം പത്രത്തിന്റെ ഫോട്ടോ ഗ്രാഫർ ശ്രീകാന്തിന്റെ തലയ്ക്ക് പരുക്കേറ്റു.