ന്യൂഡൽഹി: എൻഐഎ റെയ്ഡിൽ കേരളത്തിൽ നിന്ന് 25 പോപ്പുലർ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തു. 12 പേരെ ഡൽഹിക്ക് കൊണ്ടുപോകും.

13 പേരെ കൊച്ചിയിലെത്തിക്കും. എൻഐഎ ആസ്ഥാനത്ത് ഏജൻസിയുടെ അഭിഭാഷകരെത്തി. അറസ്റ്റ് ചെയ്തവരുടെ വൈദ്യപരിശോധന നടത്താൻ മെഡിക്കൽ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. സുരക്ഷാ പ്രശ്‌നം കണക്കിലെടുത്ത് ഓഫീസിനുള്ളിലായിരിക്കും വൈദ്യ പരിശോധന നടത്തുക.

ആർഎസ്‌എസിന്റെ ഭീരുത്വമാണ് എൻഐഎ റെയ്‌ഡെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പ്രതികരിച്ചു. ജനാധിപത്യ ബോധമുള്ള സർക്കാരല്ല ഇന്ത്യ ഭരിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് മൗലവി പറഞ്ഞു.

അതേസമയം പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസിലും എൻ.ഐ.എയും ഇ.ഡിയും നടത്തിയ പരിശോധനയിലും, അറസ്റ്റിലും പ്രതിഷേധിച്ച്‌ പോപ്പുലർ ഫ്രണ്ട് പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് ഈഞ്ചക്കലും, ബാലരാമപുരത്തും പ്രവർത്തകർ ഹൈവേ ഉപരോധിച്ചു. അര മണിക്കൂറോളം റോഡ് ഗതാഗതം തടസ്സപെട്ടു. പ്രവർത്തകരെ നീക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസുമായി നേരിയ ഉന്തുംതള്ളുമുണ്ടായി.

കേരളം , യുപി ഉൾപ്പെടെയുള്ള 10 സംസ്ഥാനങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. ഭീകരവാദ ഫണ്ടിംഗ്, ആയുധ പരിശീലന ക്യാമ്പ് എന്നിവ നടത്തിയവർക്കെതിരെയാണ് റെയ്ഡ്. നിരോധിത സംഘടനകളിലേക്ക് ആളെ ചേർത്തവർക്ക് എതിരെയും റെയ്ഡെന്ന് എൻഐഎ അറിയിച്ചു,.