ബിഹാർ നക്സൽ വിമുക്തം’; സുപ്രധാന പ്രഖ്യാപനവുമായി സിആർപിഎഫ്

ന്യൂഡൽഹി: ഝാർഖണ്ഡിലെ നക്സൽ ആധിപത്യ മേഖലയായിരുന്ന ബുദ്ധ പഹാഡിനെ മോചിപ്പിച്ചതായും ബിഹാർ നക്സൽ മുക്തമായതായും പ്രഖ്യാപിച്ച് സിആർപിഎഫ്. മേഖലയിലേക്ക് ഹെലികോപ്ടറിൽ സേനയെ അയച്ചതായും, സേനയ്ക്കായി അവിടെ സ്ഥിരം ക്യാമ്പ് സ്ഥാപിച്ചതയായും സിആർപിഎഫ് ഡിജി കുൽദീപ് സിംഗ്. വ്യക്തമാക്കി.

മൂന്ന് വ്യത്യസ്ത ഓപ്പറേഷനുകളിലൂടെയാണ് ഇത് സാധ്യമായതെന്നും കുൽദീപ് സിംഗ് അറിയിച്ചു. ഇടതുപക്ഷ തീവ്രവാദത്തിനെതിരെ സുരക്ഷാ സേന കൈവരിച്ച വിജയങ്ങളെക്കുറിച്ച് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കുൽദീപ് സിംഗ്.

2022 ഏപ്രിൽ മുതൽ ഛത്തീസ്ഗഡിൽ ഏഴ് നക്‌സലൈറ്റുകളും ഝാർഖണ്ഡിൽ നാല് പേരും മധ്യപ്രദേശിൽ മൂന്നു പേരും ഓപ്പറേഷൻ തണ്ടർ സ്റ്റോമിന് കീഴിൽ കൊല്ലപ്പെട്ടു. ആകെ 578 മാവോയിസ്റ്റുകൾ കീഴടങ്ങുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. കവർച്ചാ സംഘങ്ങളുടെ രൂപത്തിൽ അവരുടെ സാന്നിധ്യം അവിടെ ഉണ്ടാകാം. പക്ഷേ നക്സൽ ആധിപത്യമുള്ള ഒരു സ്ഥലവും ബിഹാറിൽ ഇല്ല. ബിഹാറിനൊപ്പം ഝാർഖണ്ഡിലും സൈന്യത്തിന് എത്താൻ കഴിയാത്ത സ്ഥലമില്ലെന്നും കുൽദീപ് സിങ് പറഞ്ഞു.

പ്രദേശങ്ങളിൽ നിലനിന്നിരുന്ന ഇടതുപക്ഷ തീവ്രവാദം ഗണ്യമായി കുറഞ്ഞു. 77 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. 2009- ൽ ഇത് 2258 എന്ന എക്കാലത്തെയും ഉയർന്ന നിലയിലായിരുന്നു. എന്നാൽ ഇപ്പോൾ 509 ആയി കുറഞ്ഞു. മരണനിരക്ക് 85 ശതമാനം കുറവ് വന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

നക്സലുകൾക്കെതിരായ പോരാട്ടത്തിൽ സുരക്ഷാസേനയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്ററിൽ കുറിപ്പ് പങ്കുവച്ചു. തീവ്രവാദത്തിനും, ഇടതു തീവ്രവാദത്തിനുമെതിരായ ആഭ്യന്തര മന്ത്രാലയത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നയം തുടരുമെന്ന് ഷാ ട്വിറ്ററിൽ കുറിച്ചു.

Advertisement