ന്യൂ ഡെൽഹി :
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാലും രാജസ്ഥാൻ മുഖ്യമന്ത്രി പദം രാജിവെക്കില്ലെന്ന നിലപാടുമായി അശോക് ഗെഹ്ലോട്ട്. താൻ എവിടെയും പോകുന്നില്ലെന്നായിരുന്നു ചൊവ്വാഴ്ച രാത്രി ചേർന്ന എംഎൽഎമാരുടെ യോഗത്തിൽ ഗെഹ്ലോട്ട് പറഞ്ഞത്. പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുത്താൽ മുഖ്യമന്ത്രി പദം സച്ചിൻ പൈലറ്റിന് കൈമാറേണ്ടി വരുമെന്ന് അറിയാവുന്നതിനാലാണ് ഗെഹ്ലോട്ട് ഈ നിലപാട് സ്വീകരിക്കുന്നത്
സച്ചിൻ പൈലറ്റിന് അധികാരം കൈമാറി ഡൽഹിയിലേക്ക് പോകാൻ ഗെഹ്ലോട്ടിന് താത്പര്യമില്ല. അതിനാൽ അധ്യക്ഷനായാലും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ തന്നെ അനുവദിക്കണമെന്ന ഉപാധി ഗെഹ്ലോട്ട് നേരത്തെ തന്നെ കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ വെച്ചിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതിൽ നിന്നും സ്വയം തടയാനാണ് രാഹുൽ ഗാന്ധി വീണ്ടും പ്രസിഡന്റ് പദം ഏറ്റെടുക്കണമെന്ന് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്
ബുധനാഴ്ച സോണിയ ഗാന്ധിയുമായി ഗെഹ്ലോട്ട് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിന് ശേഷം വൈകുന്നേരം കൊച്ചിയിലെത്തി രാഹുൽ ഗാന്ധിയെ കാണും. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തിട്ടില്ലെങ്കിൽ പാർട്ടി പറയുന്നതുപോലെ താൻ ചെയ്യുമെന്നാണ് എംഎൽഎമാരുടെ യോഗത്തിൽ ഗെഹ്ലോട്ട് പറഞ്ഞത്. 
സോണിയ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നും താൻ വർക്കിംഗ് പ്രസിഡന്റിന്റെ ചുമതലയും മുഖ്യമന്ത്രി പദവും ഒന്നിച്ച് കൈകാര്യം ചെയ്‌തോളാമെന്ന ഫോർമുലയും ഗെഹ്ലോട്ട് മുന്നോട്ടു വെച്ചിട്ടുണ്ട്. അഥവാ താൻ അധ്യക്ഷനാകാൻ നിർബന്ധിതനാകുകയാണെങ്കിൽ തന്റെ വിശ്വസ്തനെ രാജസ്ഥാൻ മുഖ്യമന്ത്രി ആക്കണമെന്നും ഗെഹ്ലോട്ട് ആവശ്യപ്പെടും.