കെജരിവാള്‍ കണ്ട ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ മോഡിയുടെ ചിത്രമില്ല, വൈറലായ ചിത്രം കൃത്രിമമായി ചമച്ചത്


ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഗുജറാത്ത് സന്ദര്‍ശനത്തിനിടെ ഒരു ഓട്ടോ റിക്ഷാ ഡ്രൈവര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അത്താഴത്തിന് ക്ഷണിച്ചത് വലിയ വാര്‍ത്ത ആയിരുന്നു. ക്ഷണം കെജരിവാള്‍ സ്വീകരിക്കുകയും അദ്ദേഹത്തിന്റെ വീട്ടില്‍ അത്താഴം കഴിക്കാനായി പോകുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഒരു ചിത്രം വൈറലായത്. ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ കെജരിവാളും സംഘവും നില്‍ക്കുന്നതും ഭിത്തിയില്‍ തൂങ്ങുന്ന മോഡിയുടെ ചിത്രവും ആയിരുന്നു അത്. ഓട്ടോക്കാരന്റെ വീട്ടിലെത്തിയപ്പോഴാണ് അയാള്‍ മോഡി അനുയായി ആണെന്ന കാര്യം കെജരിവാളിന് മനസിലായത് എന്നാണ് നിരവധി ട്വീറ്റര്‍ ഉപഭോക്താക്കള്‍ ചിത്രം പങ്ക് വച്ച് കൊണ്ട് കുറിച്ചത്.

കെജരിവാള്‍ വിഡ്ഢിയാക്കപ്പെട്ടു എന്നാണ് ബിജെപിയുടെ മുംബൈ ന്യൂനപക്ഷ മോര്‍ച്ചാ അധ്യക്ഷന്‍ വാസിം ആര്‍ ഖാന്‍ പറഞ്ഞത്. സന്ദര്‍ശിച്ച വീട് ബിജെപിക്കാരുടേതാണെന്ന് കെജരിവാളിന് മനസിലായത് അവിടെയെത്തിയ ശേഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാസിമിന്റെ ട്വീറ്റിന് 14000 ലൈക്കുകളാണ് ലഭിച്ചത്. ഇത് രണ്ടായിരം തവണ റിട്വീറ്റ് ചെയ്തിട്ടുമുണ്ട്.

ഗുജറാത്തിലെ അഹമ്മദാബാദ് ഘട്ട്‌ലോഡിയ നിവാസിയായ വിക്രം ദന്തനി എന്ന ഓട്ടോ ഡ്രൈവറാണ് കെജരിവാളിനെ അത്താഴത്തിന് ക്ഷണിച്ചത്. താന്‍ ആം ആദ്മി പാര്‍ട്ടി നേതാവ് കെജരിവാളിന്റെ കടുത്ത ആരാധകനാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തെ പര്യടനത്തിന് എത്തിയതായിരുന്നുഇവിടെ ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരെ അഭിസംബോധന ചെയ്യവെ ആയിരുന്നു അത്താഴത്തിനുള്ള ക്ഷണം. ഡിസംബറിലാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ്.

അതേസമയം ദന്താനിയുടെ വീട്ടില്‍ മോഡിയുടെ ചിത്രമേ ഇല്ലെന്നതാണ് സത്യം. യഥാര്‍ത്ഥ ചിത്രം എഎപിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്ക് വച്ചിട്ടുണ്ട്. കെജരിവാള്‍ പൊതുജനങ്ങളുടെ പുത്രനെന്ന തലക്കെട്ടോടെയാണ് ചിത്രം പങ്ക് വച്ചിരിക്കുന്നത്. പഞ്ചാബിലും ഒരു ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ നിന്ന് കെജരിവാള്‍ അത്താഴം കഴിച്ചതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതാണ് അദ്ദേഹത്തെ അത്താഴത്തിന് ക്ഷണിക്കാന്‍ ദന്താനിയെയും പ്രേരിപ്പിച്ചത്.

Advertisement