അമ്മയ്ക്കൊപ്പം താമസിക്കണമെന്ന ഇന്ദ്രാണിയുടെ മകളുടെ അപേക്ഷ തള്ളി

Advertisement

മുംബൈ: മകളെ കൊന്ന കേസിൽ ജാമ്യത്തിൽ കഴിയുന്ന ഇന്ദ്രാണി മുഖർജിക്കൊപ്പം താമസിക്കാൻ അനുവദിക്കണമെന്ന മറ്റൊരു മകളുടെ ഹർജി കോടതി തള്ളി. മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ നിലവിൽ ജാമ്യത്തിലാണ് ഇന്ദ്രാണി. അമ്മയ്ക്കൊപ്പം താമസിക്കാൻ ‌അനുവദിക്കണമെന്നു കാട്ടി മകൾ വിധി മുഖർജിയാണ് പ്രത്യേക സിബിഐ കോടതിയിൽ ഹർജി നൽകിയത്.

വർഷങ്ങൾ വിദേശത്തു കഴിഞ്ഞശേഷം സെപ്റ്റംബർ 10നാണ് വിധി മുംബൈയിൽ തിരിച്ചെത്തുന്നത്. അപ്പോൾ അമ്മയുടെ കൂടെ താമസിക്കാൻ അനുവദിക്കണമെന്നായിരുന്നു അപേക്ഷയിൽ. വിധി എതിരായതോടെ ബോംബെ ഹൈക്കോടതിയിൽ അപക്ഷേ നൽകാൻ മകൾ ഒരുങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്.

‘‘വിധി മുഖർജിയെ പ്രോസിക്യൂഷൻ സാക്ഷിയായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അവരുടെ മൊഴി ഇതുവരെ പരിശോധിച്ചിട്ടുമില്ല. സ്വന്തം മകളെ കൊലപ്പെടുത്താൻ കൂട്ടുപ്രതിയുമായി ഗൂഢാലോചന നടത്തിയെന്നും അത്താഴത്തിന് അവരെ ക്ഷണിച്ചശേഷം കാറിൽ വച്ച് കൊലപ്പെടുത്തി പിന്നീട് മൃതദേഹം നശിപ്പിച്ച് തെളിവില്ലാതാക്കുകയുമായിരുന്നുവെന്നാണ് കേസ്. ക്രിമിനൽ പ്രൊസീജ്യർ കോഡ് (സിപിസി) അനുസരിച്ച് കുറ്റാരോപിതയ്ക്കൊപ്പം സാക്ഷിയെ താമസിപ്പിക്കാൻ കഴിയില്ല. മാത്രമല്ല, ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധിയിൽ സാക്ഷികളെ സ്വാധീനിക്കരുതെന്ന് ഇന്ദ്രാണിക്ക് നിബന്ധന വച്ചിരുന്നു ’’ – സിബിഐ ജഡ്ജി എസ്.പി. നായ്ക് നിംബൽകർ ഹർജി തള്ളി ചൂണ്ടിക്കാട്ടി.

Advertisement