മന്ത്രവാദി പറഞ്ഞു: ഒന്നരവയസുള്ള കുട്ടിയെ ബലി നൽകി


ലഖ്‌നൗ: മന്ത്രവാദിയുടെ നിർദേശ പ്രകാരം ഒന്നരവയസുള്ള കുട്ടിയെ അമ്മായി ബലി നൽകി.

ഉത്തർപ്രദേശിലെ അംരോഹ ജില്ലയിലെ മലക്പൂർ ഗ്രാമത്തിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് 32 കാരിയായ സരോജ് ദേവിയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

സരോജ് ദേവിക്ക് മൂന്ന് കുട്ടികൾ ജനിച്ചപ്പോൾ തന്നെ മരിച്ചിരുന്നു. നാലാം തവണയും സരോജ് ദേവി ഗർഭിണിയായപ്പോൾ അവർ ഒരു മന്ത്രവാദിയെ സമീപിച്ചു. ജനിക്കാനിരിക്കുന്ന കുട്ടിയ്ക്കും ഇതേ ഗതി വരാതിരിക്കാൻ നരബലി നടത്തണമെന്നായിരുന്നു മന്ത്രവാദിയുടെ നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ അവർ തന്റെ കുട്ടിയെ കൊലപ്പെടുത്തകയായിരുന്നെന്ന് പിതാവ് രമേഷ് കുമാർ പറഞ്ഞു.

മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ സരോജ് ദേവിയുടെയും മുത്തശ്ശിയുടെയും സംരക്ഷണയിലാണ് കുട്ടി കഴിഞ്ഞിരുന്നത്. രണ്ടുദിവസമായി കുട്ടിയെ കാണാതായതിനെ തുടർന്ന് പിതാവ് രമേഷ് കുമാർ പൊലിസിൽ പരാതി നൽകിയിരുന്നു. കുട്ടിയുടെ ശരീരഭാഗങ്ങൾ കരിമ്പ് തോട്ടത്തിൽ ചിതറി കിടക്കുന്ന രീതിയിൽ കണ്ടെത്തിയ കർഷകൻ വിവരം പൊലീസിനെ അറിയിക്കുയായിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബലി കർമ്മത്തിനായി യുവതി കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. കുറ്റം സമ്മതിച്ച യുവതി മന്ത്രവാദിയുടെ നിർദേശ പ്രകാരമാണ് ഇത് ചെയ്തതെന്ന് പൊലീസിനോട് പറഞ്ഞു. കുട്ടിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം കൈയും കാലും ശരീരഭാഗങ്ങളും വെട്ടിമാറ്റുകയായിരുന്നു. നെറ്റിയിൽ തിലകം ചാർത്തിയ ശിരസ് കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.

Advertisement