ന്യൂഡൽഹി: ഗൗതം അദാനി ഓഹരി വാങ്ങുന്നത് തടയാനുള്ള നീക്കത്തിന് തുടക്കമിട്ട് എൻ.ഡി.ടി.വി. സെബി വിലക്ക് ഉള്ളതിനാൽ ചാനലിലെ ഓഹരികൾ അദാനിക്ക് വാങ്ങാനാവില്ലെന്നാണ് റിപ്പോർട്ട്.

ഓഹരി വിപണിയിൽ നിന്ന് ഷെയറുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനും പ്രണോയ് റോയിക്കും രാധികക്കും വിലക്കുണ്ട്.

2020ലാണ് ഇരുവർക്കുമെതിരെ ഇത്തരമൊരു വിലക്കേർപ്പെടുത്തിയത്. വിലക്കുള്ളതിനാൽ അദാനിക്ക് ഓഹരി കൈമാറാനാവില്ലെന്നാണ് ഇരുവരുടേയും വാദം. 2022 നവംബർ 26 വരെയാണ് വിലക്കിന്റെ കാലാവധി. ഇത് ചൂണ്ടിക്കാട്ടി അദാനിയുമായുള്ള ഇടപാട് തടയാനാണ് രാധികയുടേയും പ്രണോയ് റോയിയുടേയും നീക്കം.

ചൊവ്വാഴ്ചയാണ് എൻ.ഡി.ടി.വിയിലെ 29.18 ശതമാനം ഓഹരി വാങ്ങുകയാണെന്ന വിവരം ഗൗതം അദാനി പ്രഖ്യാപിച്ചത്. ചാനലുമായി ഒരു ചർച്ചയും നടത്താതെയായിരുന്നു അദാനി ഓഹരി വാങ്ങിയത്. എൻ.ഡി.ടി.വിയിൽ ഓഹരി പങ്കാളിത്തമുള്ള ആർ.ആർ.പി.ആർ എന്ന കമ്പനിക്ക് വായ്പ നൽകിയ സ്ഥാപനത്തെ വിലക്ക് വാങ്ങിയാണ് അദാനി എൻ.ഡി.ടി.വിയിലേക്ക് കടന്നുകയറിയത്.