ന്യൂ ഡെൽഹി :
ഹാത്രാസ് കൂട്ടബലാത്സംഗ കേസ് ഇരയുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെ യുപി പോലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പൻ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് കാപ്പന്റെ അഭിഭാഷകൻ ഹാരിസ് ബീരാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ച ചീഫ് ജസ്റ്റിസ് എൻ വി രമണ ഹർജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് അറിയിച്ചു
ജാമ്യാപേക്ഷ നൽകാൻ വൈകിയത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഹൈക്കോടതി ഉത്തരവ് ലഭിക്കാൻ വൈകിയെന്ന മറുപടിയാണ് ഹാരിസ് ബീരാൻ നൽകിയത്. തുടർന്നാണ് ഹർജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്. എൻവി രമണയുടെ അവസാന പ്രവൃത്തി ദിനമാണ് വെള്ളിയാഴ്ച. അതേസമയം ഹർജി ഏത് ബെഞ്ചാണ് പരിഗണിക്കുകയെന്ന് നാളെ വൈകുന്നേരത്തോടെ അറിയാനാകൂ
നേരത്തെ സിദ്ധിഖ് കാപ്പന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബഞ്ച് തള്ളിയിരുന്നു. കാപ്പനും കൂട്ടാളികളും കളങ്കിത പണം ഉപയോഗിച്ചെന്ന വാദം തള്ളാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ പരാമാർശം. യുഎപിഎ, രാജ്യദ്രോഹം കുറ്റങ്ങൾ ചുമത്തിയാണ് കാപ്പനെ അറസ്റ്റ് ചെയ്തത്.