ന്യൂഡൽഹി: നരവംശശാസ്ത്രം അനുസരിച്ച്‌ ദൈവങ്ങൾ മേൽജാതിയിൽപ്പെട്ടവരല്ലെന്ന് ജവഹർലാൽ നെഹ്‌റു സർവകലാശാല വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ്.

ഭഗവാൻ ശിവൻ പട്ടിക ജാതിയിലോ പട്ടികവർഗത്തിലോ പെട്ടയാളാകാമെന്നും അവർ പറഞ്ഞു.

ബി ആർ അംബേദ്കർ പ്രഭാഷണ പരമ്പരയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശാന്തിശ്രീ. പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിന് ഒൻപത് വയസുകാരനായ ദലിത് കുട്ടിയെ അടിച്ചുകൊന്നത് പരാമർശിച്ച്‌ കൊണ്ടാണ് ദൈവങ്ങൾ മേൽജാതിയിൽപ്പെട്ടവരല്ലെന്ന് ശാന്തിശ്രീ പറഞ്ഞത്.

നരവംശശാസ്ത്രം അനുസരിച്ച്‌ ദൈവങ്ങളുടെ ആവിർഭാവം മനസിലാക്കണം. ഒരു ദൈവവും ബ്രാഹ്മണനല്ല. പരമാവധി ക്ഷത്രിയൻ വരെ മാത്രമേ ആയിട്ടുള്ളൂ. ഭഗവാൻ ശിവൻ പട്ടിക ജാതിയിലോ പട്ടിക വർഗത്തിലോ പെട്ടയാളാകാം. ശ്മശാനത്തിലാണ് ശിവൻ ഇരിക്കുന്നത്. കഴുത്തിൽ പാമ്പുമായാണ് അദ്ദേഹം ഇരിക്കുന്നത്. നാമമാത്രമായ വസ്ത്രം മാത്രമാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. ഒരു ബ്രാഹ്മണൻ ശ്മശാനത്തിൽ ഇരിക്കുമെന്ന് തനിക്ക് ചിന്തിക്കാൻ സാധിക്കില്ലെന്നും അവർ പറഞ്ഞു.

‘മനുസ്മൃതി അനുസരിച്ച്‌ എല്ലാം സ്ത്രീകളും ശൂദ്ര വിഭാഗത്തിൽപ്പെട്ടവരാണ്. അതിനാൽ ഒരു സ്ത്രീക്കും ഞാൻ ബ്രാഹ്മണനാണ് എന്ന് അവകാശപ്പെടാൻ സാധിക്കില്ല. കല്യാണത്തിന് ശേഷം മാത്രമേ ഭർത്താവിന്റെ ജാതി ലഭിക്കുകയുള്ളൂ. ഏറ്റവും പിന്തിരിപ്പനായിട്ടുള്ള കാര്യങ്ങളാണ് മനുസ്മൃതിയിൽ എഴുതിവച്ചിരിക്കുന്നത്’- അവർ വിമർശിച്ചു.

ദേവിമാരായ ലക്ഷ്മിയും ശക്തിയും മേൽജാതിയിൽപ്പെട്ടവരല്ല. പിന്നെ എന്തിനാണ് ഈ വിവേചനം? ഇത് തീർത്തും മനുഷ്യത്വമില്ലാത്തതാണ്. അംബേദ്കറിന്റെ വാക്കുകൾക്ക് ഇവിടെയാണ് പ്രസക്തി വരുന്നത്. അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് അനുസരിച്ച്‌ മാറ്റം കൊണ്ടുവരാൻ സാധിക്കണം. ആധുനിക ഇന്ത്യയിൽ മികച്ച ചിന്തകനായ അംബേദ്കറിനെ പോലെയുള്ള ഒരു നേതാവില്ല. ഹിന്ദുമതം ഒരു മതമല്ല. ഒരു ജീവിതരീതിയാണെന്നും അവർ പറഞ്ഞു.