ഹൈദരാബാദ്: പ്രവാചകൻ മുഹമ്മദിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ തെലങ്കാനയിൽ ബി.ജെ.പി എം.എൽ.എ അറസ്റ്റിൽ.

രാജ സിംഗ് ആണ് അറസ്റ്റിലായത്. ഹൈദരാബാദ് സൗത്ത് പോലീസ് ആണ് രാജ സിംഗിനെതിരെ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153എ, 295, 505 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

ഗോഷാമഹൽ എം.എൽ.എ ആയ രാജ സിംഗ് തിങ്കളാഴ്ച പുറത്തുവിട്ട ഒരു വീഡിയോയിലാണ് പ്രവാകനെതിരെ പരാമർശമുള്ളത്. ഇതേതുടർന്ന് സ്ഥലത്ത് സംഘർഷവുമുണ്ടായിരുന്നു. എംഎൽഎയ്‌ക്കെതിരെ ഉടൻ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കമ്മീഷണറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധം നടന്നിരുന്നു.

ഹൈദരാബാദിൽ ഓഗസ്റ്റ് 20ന് ഹാസ്യതാരമായ മുനവർ ഫറൂഖി സംഘടിപ്പിച്ച ഷോ തടയുമെന്ന് ഭീഷണി മുഴക്കിയ രാജ സിംഗിനെ 19ന് തന്നെ പോലീസ് വീട്ടുതടങ്കലിലാക്കിയിരുന്നു. മുനാവറിന് ഷോ നടത്താൻ പോലീസ് സംരക്ഷണം ഒരുക്കിയെന്നും ഷോയ്ക്കിടെ മതവികാരങ്ങൾ വ്രണപ്പെടുത്തുകയും തനിക്കെതിരെ മോശം പരാമർശം നടത്തുകയും ചെയ്തുവെന്ന് രാജ സിംഗ് കുറ്റപ്പെടുത്തിയിരുന്നു.