ന്യൂ ഡെൽഹി :
അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ താത്കാലിക ഭരണത്തിനായി രൂപീകരിച്ച സമിതി സുപ്രീം കോടതി പിരിച്ചുവിട്ടു. ഫെഡറേഷന്റെ ദൈനംദിന ഭരണത്തിന്റെ ചുമതല ആക്ടിംഗ് സെക്രട്ടറി ജനറലിന് കൈമാറി. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ എക്‌സിക്യൂട്ടീവ് കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പ് സുപ്രീം കോടതി ഒരാഴ്ചത്തേക്ക് നീട്ടി
താത്കാലിക ഭരണസമിതിയെ പിരിച്ചുവിട്ടതോടെ ഇന്ത്യക്ക് ഏർപ്പെടുത്തിയ വിലക്ക് ഫിഫ പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീം കോടതി പ്രതീക്ഷ പ്രകടിപ്പിച്ചു. എക്‌സിക്യൂട്ടീവ് കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ നേരത്തെ അനുവദിച്ചിരുന്ന സമയപരിധി ഓഗസ്റ്റ് 28 ആണ്. ഇത് ഒരാഴ്ചത്തേക്ക് കോടതി നീട്ടി. ആകെ 23 പേരാണ് എക്‌സിക്യൂട്ടീവ് കൗൺസിലിൽ ഉള്ളത്. ഇതിൽ 17 പേരെയാണ് തെരഞ്ഞെടുക്കേണ്ടത്. 
ബാക്കി ആറ് സ്ഥാനങ്ങളിലേക്ക് പ്രധാനപ്പെട്ട കളിക്കാരെ നോമിനേറ്റ് ചെയ്യും. ഇതിൽ നാല് പുരുഷൻമാരും രണ്ട് വനിതകളും ആയിരിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. സുപ്രീം കോടതി രൂപീകരിച്ച താത്കാലിക ഭരണസമിതി ബാഹ്യ ഇടപെടലായി കണ്ടാണ് ഫിഫ ഇന്ത്യക്ക് സസ്‌പെൻഷൻ ഏർപ്പെടുത്തിയത്.