ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ ബസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ.

ജിതേന്ദ്ര സിംഗ് ആണ് വാഹനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. പൂനെയിലെ കെപിഐടി-സിഎസ്‌ഐആർ ആണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. നിരവധി വികസിത രാജ്യങ്ങളുടെ നിരത്തുകളിൽ ഹൈഡ്രജൻ ഫ്യൂവൽ സെൽ ഉപയോഗിച്ച്‌​ പ്രവർത്തിക്കുന്ന വാഹനങ്ങൾ ഓടുന്നുണ്ട്. ഫോസിൽ ഇന്ധനങ്ങളിൽ നിന്ന്​ വ്യത്യസ്​തമായി വായു മലിനീകരണ തോത്​ തീരെ കുറവാണ്​ ഹൈഡ്രജൻ ഇന്ധനത്തിന്​.

പ്രകൃതിയ്‌ക്ക് താങ്ങാൻ സാധിക്കുന്ന തരത്തിലുള്ള ഊർജ്ജം ഉത്പാദിപ്പിക്കുക, വായു മലനീകരണം കുറയ്‌ക്കുക, പുതിയ സംരംഭകരെ കൊണ്ടുവരാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഹൈഡ്രജൻ വിഷൻ’ എന്ന പദ്ധതിയുടെ ഭാ​ഗമാണ് ഈ സംരംഭം എന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.

ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വാഹനങ്ങളിൽ നിന്ന്​ ജലം മാത്രമാണ്​ പുറന്തള്ളപ്പെടുന്നത്​. അതിനാൽ വായു മലിനീകരണവും ഹാനികരമായ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നതും കുറയ്‌ക്കുന്നതിന് സഹായിക്കും. ദീർഘദൂര റൂട്ടുകളിൽ ഓടുന്ന ഒരു ഡീസൽ ബസ് സാധാരണയായി പ്രതിവർഷം 100 ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നുണ്ട്. ഇത്തരത്തിൽ വലിയ തോതിൽ കാർബൺ പുറന്തള്ളുന്ന ദശലക്ഷത്തിലധികം ബസുകൾ ഇന്ത്യയിലുണ്ട്. രാജ്യത്ത് ഹൈഡ്രജൻ ഫ്യൂവൽ സെൽ ബസ് വരുന്നതോടെ ഈ മലിനീകരണം കുറയുമെന്നാണ് കണക്കു കൂട്ടൽ.

ഫ്യുവൽ സെൽ വാഹനങ്ങളുടെ ഉയർന്ന കാര്യക്ഷമതയും ഹൈഡ്രജന്റെ ഉയർന്ന ഊർജ്ജ സാന്ദ്രതയും ഇന്ധന സെൽ ട്രക്കുകളുടെയും ബസുകളുടെയും പ്രവർത്തന ചിലവ് കിലോമീറ്ററിന് ഡീസൽ വാഹനങ്ങളേക്കാൾ കുറവാണെന്നും ഇത് ഇന്ത്യയിൽ ചരക്ക് വിപ്ലവം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.