ലഖ്നൗ: മഥുരയിലെ ബാങ്കെ ബിഹാരി ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനെത്തിയ കളക്ടറുടെ കണ്ണടയുമെടുത്ത് ഓടിയ കുരങ്ങന്റെ പ്രവൃത്തികള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മഥുരയിലെ വൃന്ദാവനില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ക്ഷേത്രത്തില്‍ ജന്മാഷ്ടമിയിലുണ്ടായ തിക്കിനെയും തിരക്കിനെയും കുറിച്ച് അന്വേഷിക്കാന്‍ എത്തിയതായിരുന്നു ജില്ലാ മജിസ്ട്രേറ്റ് നവനീത് സിംഗ് ചാഹലും ഉദ്യോഗസ്ഥരും. പരിശോധന നടത്തുന്നതിനിടെ, പൊടുന്നനെ എവിടെ നിന്നോ എത്തിയ കുരങ്ങന്‍ ജില്ലാ മജിസ്ട്രേറ്റിന്റെ കണ്ണടയും തട്ടിപ്പറിച്ച് ഓടിപ്പോയി.

നിരവധി ആളുകള്‍ക്കിടെയായിരുന്നു അപ്രതീക്ഷിത സംഭവം. പോലീസും പ്രാദേശിക അധികാരികളും കുരങ്ങന്റെ പക്കല്‍ നിന്നും കണ്ണട തിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഇതിനായി ഇവര്‍ കുരങ്ങന്റെ പിന്നാലെ പാഞ്ഞു.
ഓടിപ്പോയ കുരങ്ങന്‍ കോണിപ്പടിയുടെ മുകളില്‍ ഇരുന്നു. താഴെ കൂടിയ ആളുകള്‍ കുരങ്ങനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കുരങ്ങന്‍ കൂട്ടാക്കിയില്ല. പിന്നീട് ഏറെ സമയത്തിന് ശേഷം കുരങ്ങന്‍ കണ്ണട തിരികെ നല്‍കുകയായിരുന്നു.