ഭോപ്പാല്‍: തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിലെത്തിയ യുവതിയുടെ താത്കാലിക ബാന്‍ഡേജ് മാറ്റിയപ്പോള്‍ കണ്ടത് ഗര്‍ഭ നിരോധന ഉറയുടെ പാക്കറ്റ്. മധ്യപ്രദേശിലെ മൊറേന ജില്ലാ ആശുപത്രിയിലെത്തിയ യുവതിയുടെ തലയിലാണ് ബാന്‍ഡേജിലെ മരുന്നിനൊപ്പം കോണ്ടം പാക്കറ്റും കണ്ടെത്തിയത്.


രേഷ്മ ബായി എന്നു പേരുള്ള യുവതി ആദ്യം പോയത് മൊറേനയിലെ പോര്‍സ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലായിരുന്നു. ഇവിടെയുള്ള നേഴ്‌സാണ് ഇത്തരത്തില്‍ കോണ്ടം ചേര്‍ത്ത് ബാന്‍ഡേജിട്ടത്. പരിക്ക് ഗുരുതരമായതിനാല്‍ രേഷ്മയോട് ജില്ലാ ആശുപത്രിയിലേക്ക് പോകാനും നിര്‍ദേശിച്ചു. പിന്നാലെയാണ് യുവതി മൊറേനയിലെ ആശുപത്രിയിലെത്തിയത്.
സംഭവം വിവാദമയതോടെ യുവതിക്ക് ബാന്‍ഡേജിട്ട നേഴ്‌സിനെ സംസ്ഥാന ആരോഗ്യ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.