മുംബൈ: സ്വർണ നിക്ഷേപ പദ്ധതിയുടെ മറവിൽ നിക്ഷേപകരിൽ നിന്നും ഹോൾസെയിൽ സ്വർണ കച്ചവടക്കാരിൽ നിന്നും കോടികൾ തട്ടിയെടുത്ത് മുങ്ങിയ എസ് കുമാർ ജ്വല്ലേഴ്സ് ഉടമ ശ്രീകുമാർ പിള്ള അറസ്റ്റിൽ.

മുംബൈ എൽടി മാർഗ് പൊലീസാണ് അറസ്റ്റ് ശ്രീകുമാർ പിള്ളയെ അറസ്റ്റ് ചെയ്തത്. ബിഎംഡബ്ല്യു കാറും 2.9 കോടി രൂപയും പ്രതിയിൽ നിന്ന് പിടിച്ചെടുത്തു. സ്വർണ നിക്ഷേപ പദ്ധതിയിൽ വൻ തുക പലിശ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. 4.22 കോടി രൂപ തട്ടിയെടുത്തെന്ന് കാട്ടി താനെയിലെ 11 ഹോൾസെയിൽ സ്വർണ, ഡയമണ്ട് കച്ചവടക്കാർ നൽകിയ പരാതിയിലാണ് അറസ്റ്റ്. മെട്രോപൊളിറ്റൻ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇയാളെ ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പിൽ കൂടുതൽ വ്യക്തത വരുമെന്ന് പൊലീസ് പറഞ്ഞു.

ഹോൾസെയിൽ സ്വർണ ആഭരണ നിർമാതാക്കളാണ് പിള്ളയുടെ തട്ടിപ്പിന്നിരയായത്. സ്വർണക്കട നടത്തുകയാണെന്ന് വിശ്വസിപ്പിച്ച്‌ ഹോൾസെയിൽ നിർമാതാക്കളിൽ നിന്ന് സ്വർണം തട്ടിയെടുക്കുന്നതായിരുന്നു ശ്രീകുമാർ പിള്ളയുടെ രീതി. ആദ്യം കൃത്യമായി പണം നൽകി കച്ചവടക്കാരുടെ വിശ്വാസ്യത നേടും. തുടർന്ന് വൻ തുകയ്ക്കുള്ള സ്വർണം വാങ്ങി പണം നൽകാതെ മുങ്ങും. മുംബൈ സാവേരി ബസാറിൽ മാത്രം പിള്ളയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേരാണ്.

ശ്രീകുമാർ പിള്ളയെ പിടികൂടിയ കെട്ടിടത്തിന് സമീപമാണ് ആഡംബര കാർ നിർത്തിയിട്ടിരുന്നത്. പിടികൂടുന്ന സമയത്ത് കാറിന്റെ കീ ഒളിപ്പിക്കാൻ പിള്ള ശ്രമിച്ചതായി പൊലീസ് പറഞ്ഞു. പിന്നീട് കീ കണ്ടെത്തി പരിശോധിച്ചപ്പോഴാണ് കാറിനുള്ളിൽ നിന്ന് ബാഗുകളിൽ സൂക്ഷിച്ച പണം കണ്ടെത്തിയത്. പണം അഞ്ചാറു മാസമായി തന്റെ കൈവശം ഉള്ളതാണെന്ന് ചോദ്യം ചെയ്യലിൽ പിള്ള വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചു.

നിക്ഷേപ തട്ടിപ്പ് നടത്തി പലരിൽ നിന്നായി കോടികൾ തട്ടിയെടുത്തെന്ന പരാതിയും ശ്രീകുമാർ പിള്ളക്കെതിരായി ഉണ്ട്. സ്ഥിരം നിക്ഷേപങ്ങൾക്ക് 16 ശതമാനത്തിലധികം പലിശ വാഗ്‍ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. 500 രൂപ മുതലുള്ള മാസ ചിട്ടി അടക്കം മൂന്ന് നിക്ഷേപ പദ്ധതികളാണ് എസ് കുമാറിന് ഉണ്ടായിരുന്നത്. ഒരു ലക്ഷത്തിന് മുകളിൽ ഒരു വർഷത്തേക്ക് നിക്ഷേപിച്ചാൽ കിട്ടുക 16 ശതമാനം പലിശയാണ്. 5 വ‌ർഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് ഇരട്ടി തുക നൽകുമെന്നായിരുന്നു വാഗ്ദാനം. ബാങ്കുകളിലടക്കം ഒരിടത്തും കിട്ടാത്ത വൻ പലിശ കണ്ട് പണം നിക്ഷേപിച്ചവരിൽ മലയാളികളും മഹാരാഷ്ട്രക്കാരുമുണ്ട്. ഒരു ലക്ഷം മുതൽ 60 ലക്ഷം വരെ നിക്ഷേപിച്ചവരാണ് പലരും. നൂറ് കോടിക്ക് മുകളിൽ പണം പറ്റിച്ചെന്നാണ് നിക്ഷേപകരുടെ ആരോപണം.