കൊല​ക്കേസ് പ്രതിയെ കണ്ടെത്താൻ ആൾദൈവത്തെ സമീപിച്ചു; പൊലീസ് ഓഫിസർക്ക് സസ്പെൻഷൻ

ഭോപ്പാൽ: മധ്യപ്രദേശിൽ 17കാരിയുടെ കൊലപാതക്കേസ് പ്രതിയെ കണ്ടെത്താൻ ആൾദൈവത്തെ സമീപിച്ച പൊലീസ് ഓഫിസർക്ക് സസ്പെൻഷൻ.

ഛത്തപൂരിലെ ബമിത പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടർ അനിൽ ശർമയെയാണ് സസ്പെൻഡ് ചെയ്തത്. ആൾദൈവമായ ബാബ പണ്ഡോഗർ സർക്കാറും അനിൽ ശർമയും തമ്മിൽ നടന്ന സംഭാഷണത്തിൻറെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് നടപടി.

താൻ കുറച്ചുപേരുടെ പേരുകൾ പറയുമെന്നും കൂട്ടത്തിൽ വിട്ടുപോയ ഒരാളുടെ പേര് കുറ്റവാളിയിലേക്ക് നയിക്കുമെന്നും ബാബാ പണ്ഡോഗർ സർക്കാർ പറയുന്നത് വിഡിയോയിലുണ്ട്. മുഖ്യപ്രതി മജ്ഗുവൻ സ്വദേശിയായിരിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.

ജൂലൈ 28ന് ഒട്ടാപുർവയിലെ ഒരു കിണറ്റിൽ 17കാരിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മരണം കൊലപാതകമാണെന്നും ഗ്രാമത്തിലെ മൂന്ന് യുവാക്കളാണ് കൊലപാതകത്തിന് പിന്നിലെന്നും കുടുംബം ആരോപിച്ചിരുന്നു. പെൺകുട്ടിയുടെ കുടുംബത്തിൻറെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് മൂന്നുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് തെളിവില്ലാത്തതിനാൽ വിട്ടയച്ചു.

പിന്നീട് പെൺകുട്ടിയുടെ അമ്മാവൻ തിരത്ത് അഹിർവാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിക്ക് ആരുമായോ ബന്ധമുണ്ടെന്ന് സംശയിച്ച ഇയാൾ കൊലപ്പെടുത്തി കിണറ്റിൽ ഉപേക്ഷിക്കുകയായിരുന്നെന്നാണ് പൊലീസിൻറെ വാദം. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Advertisement