തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് 8 യൂട്യൂബ് ചാനലുകൾക്ക് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വിലക്കേർപ്പെടുത്തി

ന്യൂഡൽഹി: എട്ട് യൂട്യൂബ് അധിഷ്ഠിത വാർത്താ ചാനലുകൾ, ഒരു ഫേസ്ബുക്ക് അക്കൗണ്ട്, രണ്ട് ഫേസ്ബുക്ക് പോസ്റ്റുകൾ എന്നിവ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. 2021-ലെ വിവരസാങ്കേതിക ചട്ടങ്ങൾ പ്രകാരമുള്ള അടിയന്തര അധികാരങ്ങൾ ഉപയോഗിച്ചാണ് നടപടി.

വിലക്കേർപ്പെടുത്തിയ യൂട്യൂബ് ചാനലുകൾക്ക് 114 കോടിയിലധികം കാഴ്ചക്കാരും 85 ലക്ഷത്തിലധികം വരിക്കാരും ഉണ്ടായിരുന്നു.

ഇന്ത്യയിലെ മതസമൂഹങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുക എന്നതായിരുന്നു ഇത്തരം ചില യൂട്യൂബ് ചാനലുകൾ പ്രസിദ്ധീകരിച്ചിരുന്ന ഉള്ളടക്കങ്ങളുടെ ലക്ഷ്യം. വിലക്കേർപ്പെടുത്തിയ യൂട്യൂബ് ചാനലുകളുടെ വിവിധ വീഡിയോകളിൽ തെറ്റായ അകാശവാദങ്ങളാണ് ഉന്നയിക്കപ്പെട്ടിരുന്നത്. മതപരമായ പ്രാധാന്യമുള്ള നിർമ്മിതികൾ പൊളിക്കാൻ ഇന്ത്യാ ഗവൺമെന്റ് ഉത്തരവിട്ടു, ഇന്ത്യയിൽ മതപരമായ ആഘോഷങ്ങൾ ഇന്ത്യ ഗവൺമെന്റ് നിരോധിച്ചു, ഇന്ത്യയിൽ മതയുദ്ധം പ്രഖ്യാപിച്ചു തുടങ്ങിയ വ്യാജ വാർത്തകൾ ഇതിന് ഉദാഹരണമാണ്. അത്തരം ഉള്ളടക്കങ്ങൾ രാജ്യത്ത് സാമുദായിക സംഘർഷം സൃഷ്ടിക്കാനും സമൂഹത്തിന്റെ പൊതു ക്രമം തകർക്കാനും സാധ്യതയുള്ളതായി കണ്ടെത്തി.

ഇന്ത്യൻ സായുധ സേനയുമായും ജമ്മു കശ്മീരുമായും ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വ്യാജ വാർത്തകൾ പോസ്റ്റ് ചെയ്യാനും യൂട്യൂബ് ചാനലുകൾ ഉപയോഗിച്ചു. ദേശ സുരക്ഷയുടെയും വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സുഹൃദ് ബന്ധത്തിന്റെയും വീക്ഷണകോണിൽ, ഇത്തരം ഉള്ളടക്കങ്ങൾ പൂർണ്ണമായും തെറ്റും അത്യന്തം സംവേദനക്ഷമവും ആണെന്നും നിരീക്ഷിക്കപ്പെട്ടു.

മന്ത്രാലയം തടഞ്ഞ ഉള്ളടക്കങ്ങൾ ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ആഭ്യന്തര സുരക്ഷയ്ക്കും വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സുഹൃദ് ബന്ധത്തിനും രാജ്യത്തെ പൊതു ക്രമത്തിനും ഹാനികരമാണെന്ന് കണ്ടെത്തി. 2000-ലെ വിവരസാങ്കേതിക നിയമത്തിന്റെ 69 എ വകുപ്പിന്റെ പരിധിയിൽ വരുന്നവയാണ് ഉള്ളടക്കങ്ങൾ.

തടയപ്പെട്ട ഇന്ത്യൻ യൂട്യൂബ് ചാനലുകൾ വ്യാജവും അത്യന്തം സംവേദനക്ഷമവും ആയ ലഘുചിത്രങ്ങൾ, വാർത്താ അവതാരകരുടെ ചിത്രങ്ങൾ, ചില ടിവി വാർത്താ ചാനലുകളുടെ ലോഗോകൾ എന്നിവ ഉപയോഗിച്ച്‌ വാർത്തകൾ ആധികാരികമാണെന്ന് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതായും നിരീക്ഷിക്കപ്പെട്ടു.

ബ്ലോക്ക് ചെയ്യപ്പെട്ട എല്ലാ യൂട്യൂബ് ചാനലുകളും തങ്ങളുടെ വീഡിയോകളിൽ സാമുദായിക സൗഹാർദത്തിനും പൊതു ക്രമത്തിനും ഇന്ത്യയുടെ വിദേശ ബന്ധത്തിനും ഹാനികരമായ തെറ്റായ ഉള്ളടക്കമുള്ള പരസ്യങ്ങളും പ്രദർശിപ്പിച്ചിരുന്നു.

ഈ നടപടിയോടെ, 2021 ഡിസംബർ മുതൽ, 102 യൂട്യൂബ് അധിഷ്ഠിത വാർത്താ ചാനലുകളും ഒട്ടേറെ സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാൻ മന്ത്രാലയം നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

The post തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് 8 യൂട്യൂബ് ചാനലുകൾക്ക് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വിലക്കേർപ്പെടുത്തി first appeared on

Advertisement