ദൈവത്തെ മാത്രമേ വന്ദിക്കൂ, സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ദേശീയ പതാക ഉയര്‍ത്താനും സല്യൂട്ട് ചെയ്യാനും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിസമ്മതിച്ചത് വിവാദം

ധര്‍മപുരി: ഞങ്ങള്‍ ദൈവത്തെ മാത്രമേ വന്ദിക്കൂ, സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ദേശീയ പതാക ഉയര്‍ത്താനും സല്യൂട്ട് ചെയ്യാനും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വിസമ്മതിച്ചത് വിവാദമായി.

താന്‍ യാക്കോബായ ക്രിസ്ത്യാനിയാണെന്നും ദൈവത്തെ മാത്രമേ വന്ദിക്കൂ എന്നും കാരണം പറഞ്ഞാണ് ഹെഡ്മിസ്ട്രസ് പതാക ഉയര്‍ത്തലില്‍ നിന്നും പിന്‍മാറിയത്. തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. പ്രധാനാധ്യാപികയായ തമിഴ് സെല്‍വിക്കെതിരെ ചീഫ് എഡ്യൂക്കേഷന്‍ ഓഫീസര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്.

‘ഞങ്ങള്‍ ദൈവത്തെ മാത്രമേ വന്ദിക്കുന്നുള്ളൂ, മറ്റാരെയും വന്ദിക്കുന്നില്ല. ഞങ്ങള്‍ പതാകയെ ബഹുമാനിക്കുന്നു, പക്ഷേ ഞങ്ങള്‍ ദൈവത്തെ മാത്രമേ വന്ദിക്കുകയുള്ളൂ. അതിനാലാണ് പതാക ഉയര്‍ത്താന്‍ അസിസ്റ്റന്റ് ഹെഡ്മിസ്ട്രസിനോട് ആവശ്യപ്പെട്ടതെന്ന്’ തമിഴ്സെല്‍വി പറഞ്ഞു.

ഈ വര്‍ഷം വിരമിക്കാനിരിക്കെ തമിഴ്സെല്‍വിയെ ആദരിക്കാന്‍ കൂടി സ്വാതന്ത്ര്യ ദിനത്തില്‍ തീരുമാനിച്ചിരുന്നു. നാല് വര്‍ഷത്തിലേറെയായി തമിഴ്‌സെല്‍വി സ്‌കൂളില്‍ പ്രധാനധ്യാപകയായി പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ഇവര്‍ അവധിയെടുത്തെന്നും പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ അസുഖമാണെന്ന് ചൂണ്ടിക്കാട്ടി മുന്‍ വര്‍ഷങ്ങളിലെല്ലാം തമിഴ്സെല്‍വി സ്വാതന്ത്ര്യ ദിനത്തിന് അവധിയെടുത്തിരുന്നുവെന്നാണ് കണ്ടെത്തല്‍.

Advertisement