പെരിയാറിന്റെ പ്രതിമ തകർക്കാൻ ആഹ്വാനം; കനൽ കണ്ണൻ അറസ്റ്റിൽ

ചെന്നൈ: തമിഴ് സംഘട്ടന സംവിധായകൻ കനൽ കണ്ണൻ അറസ്റ്റിൽ. സാമൂഹ്യ പരിഷ്‌കർത്താവായ പെരിയാറിന്റെ പ്രതിമ തകർക്കാൻ ആഹ്വാനം ചെയ്തതിനാണ് അറസ്റ്റ്.

തന്തൈ പെരിയാർ ദ്രാവിഡർ കഴകത്തിന്റെ പരാതിയിലാണ് അറസ്റ്റ്. ചെന്നൈ സൈബർക്രൈം പോലീസാണ് നടപടിയെടുത്തത്.

ഹിന്ദു മുന്നണിയുടെ കലാ-സാംസ്‌കാരിക വിഭാഗത്തിന്റെ പ്രസിഡന്റാണ് കനൽ കണ്ണൻ. ശ്രീരംഗം രംഗനാഥ ക്ഷേത്രത്തിന് മുന്നിലുള്ള പ്രതിമ തകർക്കണമെന്നാണ് ഇയാൾ ആഹ്വാനം ചെയ്തത്. ദൈവമില്ല എന്ന് പറഞ്ഞയാളുടെ പ്രതിമ ക്ഷേത്രത്തിന് മുന്നിൽ വയ്ക്കരുതെന്നും അത് തകർക്കണമെന്നുമാണ് കനൽ കണ്ണൻ പറഞ്ഞത്.

അറസ്റ്റിന്റെ സൂചന ലഭിച്ചത് തൊട്ടുപിന്നാലെ മുൻകൂർ ജാമ്യത്തിനുള്ള നീക്കം കനൽ കണ്ണൻ നടത്തിയിരുന്നു. എന്നാൽ അത് നിരസിക്കുകയായിരുന്നു. പുതുച്ചേരിയിൽ നിന്നാണ് ഇയാളെ പോലീസ് അറസറ്റ് ചെയ്തത്. തമിഴിന് പുറമേ മലയാളം, കന്നട, തെലുങ്ക്, ഹിന്ദി സിനിമകളിൽ പ്രവർത്തിച്ച സംഘട്ടന സംവിധായകനാണ് കണ്ണൻ. ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Advertisement