ബംഗ്ലൂർ: വ്യവസായിയായ 73-കാരനെ തേൻകെണിയിൽപെടുത്തി പണംതട്ടിയെന്ന കേസിൽ യുവനടൻ അറസ്റ്റിൽ.
ജെ പി നഗർ സ്വദേശിയായ യുവ എന്ന യുവരാജ് ആണ് അറസ്റ്റിലായത്. ഇയാളുടെ പെൺസുഹൃത്തുക്കളായ കാവന, നിധി എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

നാലുവർഷം മുമ്പാണ് വ്യവസായി കാവനയുമായി പരിചയത്തിലായത്. ഒരാഴ്ച മുമ്പ് കാവന വ്യവസായിക്ക് നിധിയെ പരിചയപ്പെടുത്തിക്കൊടുത്തു. തുടർന്ന് വ്യവസായി യുവതികളുമായി വാട്‌സ് ആപിൽ അശ്ലീല സന്ദേശങ്ങൾ കൈമാറി.
ആഗസ്ത് മൂന്നിന് ഒരു സ്ഥലത്ത് വെച്ച്‌ കാണണമെന്ന് യുവതികളിലൊരാൾ സന്ദേശം അയച്ചതനുസരിച്ച്‌ വ്യവസായി സ്ഥലത്തെത്തി. എന്നാൽ, അജ്ഞാതരായ രണ്ടുപേർ ചേർന്ന് കാറിൽ ബലമായി കയറ്റിയിട്ട് തങ്ങൾ പൊലീസാണെന്നും യുവതികളുമായുള്ള വാട്‌സ് ആപ് ചാറ്റിന്റെ പേരിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു.

പണം നൽകുകയാണെങ്കിൽ കേസ് ഒഴിവാക്കുമെന്നും പറഞ്ഞു. ഇതനുസരിച്ച്‌ വ്യവസായി ആദ്യം 3.40 ലക്ഷം രൂപയും പിന്നീട് ആറുലക്ഷം രൂപയും നൽകി. പിന്നീട് ചാറ്റുകളുടെ സ്‌ക്രീൻഷോട് കുടുംബാംഗങ്ങൾക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ കൂടി തട്ടിയെടുത്തു.

വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ വ്യവസായി ഹലസൂരു ഗേറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. യുവരാജാണ് കേസിലെ മുഖ്യ ആസൂത്രകനെന്നും വ്യവസായിയെ കെണിയിൽപ്പെടുത്തി പണം തട്ടിയെടുക്കാൻ യുവരാജും യുവതികളും പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു.