ചെന്നൈ: ടാക്‌സി ഡ്രൈവറെ ഇറക്കിവിട്ട ശേഷം യുവതിയെ കാറിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച്‌ കൂട്ട ബലാത്സംഗം ചെയ്തു.

രാത്രിയിൽ യുവതി ടാക്‌സിയിൽ വരുമ്പോൾ താംബരം-മധുരവയൽ ബൈപ്പാസിലാണ് സംഭവമെന്ന് ആവഡി പോലീസ് അറിയിച്ചു. കേസിൽ ആറ് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

യുവതിയും ഭർത്താവും ചേർന്ന് നഗരത്തിൽ ചായക്കട നടത്തുന്നുണ്ട്. രാത്രി കുടുംബസുഹൃത്തിന്റെ ടാക്‌സിയിലാണ് വീട്ടിലേക്കു മടങ്ങാറുള്ളത്.കഴിഞ്ഞദിവസം യുവതി ടാക്‌സി ഡ്രൈവറോടൊപ്പം മടങ്ങുമ്പോൾ മധുരവയൽ ടോൾ ബൂത്തിനടുത്ത് കാർ നിർത്തി.

ഒരു യുവാവ് ഇരുവരെയും ചോദ്യംചെയ്തു. ഇത് വഴക്കിലും കൈയേറ്റത്തിലും കലാശിച്ചു. കുപിതനായ യുവാവ് സുഹൃത്തുക്കളെ വിളിച്ചുവരുത്തി ഡ്രൈവറെ ഇറക്കിവിട്ടശേഷം കാർ വിജനമായ സ്ഥലത്തേക്കു കൊണ്ടുപോയി. അവിടെവെച്ച്‌ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. എട്ടുപവൻ സ്വർണമാലയും കവർന്നു.

പരിക്കേറ്റ ഡ്രൈവർ വിവരം നൽകിയതനുസരിച്ച്‌ പോലീസ് സംഘമെത്തിയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. സംഘത്തലവനെയും കൂട്ടാളികളായ അഞ്ചു പേരേയും പിടികൂടിയതായി പോലീസ് അറിയിച്ചു.