മുംബൈ: മഹാരാഷ്ട്രയിലെ രണ്ട് വ്യവസായ ഗ്രൂപ്പുകളുടെ ഓഫീസുകളിലും വീടുകളിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 390 കോടിയുടെ കണക്കിൽപ്പെടാത്ത സ്വത്തുക്കൾ കണ്ടെത്തി.

മഹാരാഷ്ട്രയിലെ ജൽന കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന വ്യവസായ ഗ്രൂപ്പുകളുടെ വിവിധ കേന്ദ്രങ്ങളിലാണ് നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

ഓഗസ്റ്റ് ഒന്നാം തീയതി മുതൽ എട്ടാം തീയതി വരെ വിവിധ കേന്ദ്രങ്ങളിലായി നടന്ന റെയ്ഡിലാണ് കോടികളുടെ ബിനാമി ഇടപാടുകളും കണക്കിൽപ്പെടാത്ത സ്വത്തുക്കളും കണ്ടെത്തിയത്.

56 കോടി രൂപ പണമായി മാത്രം റെയ്ഡിൽ പിടിച്ചെടുത്തു. 13 മണിക്കൂർ സമയമെടുത്താണ് ഉദ്യോഗസ്ഥർ ഇത് എണ്ണിതീർത്തത്. 32 കിലോ സ്വർണവും 14 കോടി രൂപയുടെ വജ്രങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ബിനാമി ഇടപാടുകളുടെ രേഖകളും മറ്റുചില ഡിജിറ്റൽ രേഖകളും റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്.

സ്റ്റീൽ, വസ്ത്രനിർമാണം, റിയൽ എസ്‌റ്റേറ്റ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന രണ്ട് വ്യവസായ ഗ്രൂപ്പുകളുടെ ഓഫീസുകളിലും വീടുകളിലുമാണ് റെയ്ഡ് നടന്നതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. ഈ ഗ്രൂപ്പുകളുടെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടർന്നാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്താൻ തീരുമാനിച്ചത്.

അഞ്ച് സംഘങ്ങളായി 260 ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നടന്ന റെയ്ഡിൽ പങ്കെടുത്തത്. ഏകദേശം 120-ഓളം വാഹനങ്ങളും ഇതിനായി ഉപയോഗിച്ചിരുന്നു.