ലോകത്തിലെ ഏറ്റവും വലിയ ആര്‍ച്ച്‌ റെയില്‍വേ പാലം ജമ്മുകശ്മീരില്‍

ശ്രീന​ഗർ: ലോകത്തിലെ ഏറ്റവും വലിയ ആര്‍ച്ച്‌ റെയില്‍വേ പാലം ജമ്മുകശ്മീരില്‍ ഒരുങ്ങുന്നു. ജമ്മുകശ്മീരിലെ ചീനാബ് നദിക്ക് കുറുകെ പണിതിരിക്കുന്ന ഉരുക്കു പാലത്തിലെ അവസാന ഭാഗം ഈ മാസം 13-ാം തീയതി സംയോജിപ്പിക്കും.

ലോകത്തില്‍ ആദ്യമായാണ് ഒറ്റ വില്ല് ആകൃതിയില്‍ ഇത്രയും നീളത്തില്‍ ഒരു റെയില്‍പാലം നിര്‍മ്മിക്കപ്പെടുന്നത്.

ചീനാബ് നദിയുടെ ഇരുവശത്തു നിന്നും ഘട്ടംഘട്ടമായി സംയോജിപ്പിച്ച പാലത്തിന്റെ നടുക്കുള്ള യോജിപ്പാണ് 13-ാം തീയതി പൂര്‍ത്തിയാകുന്നത്. റിയാസി ജില്ലയിലെ കൗരി ഗ്രാമത്തിലെ സലാല്‍ അണക്കെട്ടിന് മുകളിലായി ചീനാബ് നദി താഴോട്ട് ഒഴുകുന്നതിന് മുകളിലൂടെയാണ് റെയില്‍ പാത കടന്നുപോകുന്നത്.

ആര്‍ച്ച്‌ പൂര്‍ത്തിയാകുന്നതോടെ പാലത്തിന്റെ 98 ശതമാനം പണിയും പൂര്‍ത്തിയാകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഉരുക്കുകൊണ്ടുള്ള ലോകാത്ഭുതമായ പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരമാണ് തറനിരപ്പില്‍ നിന്നും ആര്‍ച്ചിന്റെ മധ്യഭാഗത്തേ യ്‌ക്കുള്ളത്. മുംബൈയിലെ അഫ്‌കോണ്‍ എന്ന സ്ഥാപനമാണ് നിര്‍മ്മാണം ഏറ്റെടുത്തത്. ഇതിനൊപ്പം ജമ്മുകശ്മീരിലെ 16 റെയില്‍പാലങ്ങളും കമ്പനി പണിതുകൊണ്ടിരിക്കുകയാണ്. വടക്കന്‍ റെയില്‍വേയ്‌ക്ക് ഒപ്പം കൊങ്കണിലെ ഏറ്റവും ഉയരമുള്ള തൂണുകളില്‍ റെയില്‍പാത പണിത് അതിശയിപ്പിച്ച കൊങ്കണ്‍ റെയില്‍വേ സംഘവും ജമ്മുകശ്മീരില്‍ സഹായത്തിനുണ്ട്.

Advertisement