ചെന്നെ.തമിഴ് നാട്ടിലെ വിവിധ ജില്ലകളിൽ മഴ തുടരുന്നു. അണക്കെട്ടുകൾ തുറന്നതിനാൽ വിവിധ മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. തിരുപ്പൂരിൽ കുളിയ്ക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. നീലഗിരി, കോയന്പത്തൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുപ്പൂർ താരാപ്പുരം മൂലന്നൂർ സ്വദേശിയും കെട്ടിട നിർമാണ തൊഴിലാളിയുമായ ദിനേശിനെയാണ് കാണാതായത്. അമരാവതി നദിയിൽ കുളിയ്ക്കാൻ ഇറങ്ങിയതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇയാൾക്കായുള്ള തിരച്ചിൽ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തുടരുകയാണ്. മേട്ടൂർ,സോലയാർ തടുങ്ങിയ അണക്കെട്ടുകൾ തുറന്നതോടെയാണ് തമിഴ് നാട്ടിൽ വെള്ളപ്പൊക്കം രൂക്ഷമായത്. മേട്ടൂർ അണക്കെട്ടിൽ നിന്നും പുറത്തേയ്ക്ക് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് 1.80 ലക്ഷം ഘടയടിയായി കുറച്ചെങ്കിലും വെള്ളക്കെട്ട് തുടരുകയാണ്.
ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയെ തുടർന്ന്, വെല്ലൂർ നഗരത്തിലെ അണ്ണാ സാലൈ ഉൾപ്പെടെയുള്ള മേഖലകളിൽ വെള്ളം കയറി. തിരുവണ്ണാമല ജില്ലയിലെ ജവാദ് മല, നമ്മിയം പട്ട് എന്നിവിടങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിയേക്ക് മാറ്റി. കള്ളാകുറിച്ചി ജില്ലയിലെ കൽവരായൻ മലയിൽ ശക്തമായ മഴ പെയ്തതിനെ തുടർന്ന് മണൽ പുഴയിൽ നീരൊഴുക്ക് വർധിച്ചു. എഴുന്നൂർ, തേർപ്പുള്ളി,മേൽമുറുവം,തുറപ്പെട്ട തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം കയറി.
സേലം ജില്ലയിൽ സർവംഗ നദി കരകവിഞ്ഞതിനെ തുടർന്നാണ് വെള്ളപ്പൊക്കമുണ്ടായത്. ധനുഷ് പേട്ട, മരപ്പാളം,നാഗല്ലൂർ,സെമ്മനത്തം എന്നിവിടങ്ങളിൽ റോഡ് ഗതാഗതം സ്തംഭിച്ചു. ദിണ്ടിഗൽ ജില്ലയിലെ പഴനി ഉൾപ്പെടെയുള്ള മേഖലകളിൽ കൈത്തോടുകളിൽ വലിയ തോതിൽ വെള്ളം കയറി. കാവേരി നദിയിൽ നീരൊഴുക്ക് ശക്തമായതിനാൽ കരൂർ ജില്ലയിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്. പ്രദേശത്തെ തവിട്ടുപാളയം ഗ്രാമത്തെ പൊലിസ് ഡ്രോൺ കാമറകളുടെ സഹായത്തോടെ, നിരീക്ഷിച്ചു വരികയാണ്. നീലഗിരി ജില്ലയിലെ പന്തല്ലൂർ, ഗൂഡല്ലൂർ,ദേവാല, നടുവട്ടം തുടങ്ങിയ പ്രദേശങ്ങളിലും മഴ പെയ്യുന്നുണ്ട്. ഇരുവയൽ,പഴംകുടി ഗ്രാമങ്ങളിലെ 72 കുടുംബങ്ങളിലെ ദുരിതാശ്വാസ ക്യാംപുകളിലേയ്ക്ക് മാറ്റി.
