മുംബൈ; വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ് സാമന്ത. രാജ്യമെമ്പാടും ആരാധക വൃന്ദത്തിനും തെല്ലും കുറവില്ല. എന്നാല്‍ തന്റെ ഈ വെള്ളിവെളിച്ചത്തിനപ്പുറമുള്ള ഭൂതകാലം പങ്കുവയ്ക്കുകയാണ് നടി. താന്‍ ഇപ്പോഴത്തെ ഈ നിലയില്‍ നില്‍ക്കുമ്പോള്‍ താന്‍ കടന്ന് വന്ന മുള്ളുകള്‍ നിറഞ്ഞ പാതയെക്കുറിച്ച് സാമന്ത വ്യക്തമാക്കുന്നു.

കുട്ടിക്കാലത്ത് താന്‍ അനുഭവിച്ച ദാരിദ്ര്യത്തിന് കയ്യും കണക്കുമില്ല. ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് വിശപ്പടക്കി. പല ജോലികളും ചെയ്തു. ഉന്നത പഠനത്തിന് ആഗ്രഹിച്ചെങ്കിലും അന്ന് പഠിക്കാന്‍ വിടാന്‍ തന്റെ മാതാപിതാക്കള്‍ക്ക് സാധിക്കുമായിരുന്നില്ല. ഉന്നത മാര്‍ക്ക് നേടിയാണ് പത്താംക്ലാസ് പാസായത്. സ്‌കൂളിന്റെ സ്വത്താണ് സാമന്ത എന്നാണ് എസ്എസ്എല്‍സി ബുക്കിള്‍ സ്‌കൂള്‍ അധികൃതര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

പഠനം അവസാനിപ്പിച്ച് സ്‌കൂള്‍ വിട്ടിറങ്ങുമ്പോള്‍ സഹപാഠികളും അധ്യാപകരും സാമന്തയെ കെട്ടിപ്പിടിച്ച് വിങ്ങിപ്പൊട്ടി. സത്യഭാമ സര്‍വകലാശാലയിലെ ഒരു മോട്ടിവേഷണല്‍ പ്രസംഗത്തിലാണ് സാമന്ത തന്റെ ഭൂതകാലം പങ്കുവച്ചത്. കുട്ടികളോട് സ്വപ്‌നം കാണാനും അവര്‍ ഉപദേശിച്ചു.

പഠിക്കുന്ന കാലത്ത് നന്നായി പഠിക്കാന്‍ തന്റെ മാതാപിതാക്കള്‍ തന്നെ ഉപദേശിച്ചു. താന്‍ കഷ്ടപ്പെട്ട് നന്നായി പഠിക്കുകയുംചെയ്തു. പത്താം ക്ലാസില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി പാസായി. പന്ത്രണ്ടിലും കോളജിലും ഈ വിജയം ആവര്‍ത്തിച്ചു. എന്നാല്‍ തുടര്‍ന്നും പഠിക്കണമെന്ന തന്റെ ആഗ്രഹം സാക്ഷാത്ക്കരിക്കാനായില്ല. ഉന്നത പഠനത്തെക്കുറിച്ച് മാതാപിതാക്കള്‍ക്ക് ചിന്തിക്കാന്‍ പോലും ആകുമായിരുന്നില്ല. തനിക്ക് സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നിലല്. ഭാവിയും ഒന്നും സാമന്ത പറയുന്നു.

മാതാപിതാക്കള്‍ അവരുടെ സ്വപ്‌നങ്ങള്‍ അനുസരിച്ച് നിങ്ങളെ വളര്‍ത്തുമെന്ന് നിങ്ങള്‍ കരുതുന്നു. എന്നാല്‍ ഞാന്‍ പറയുന്നു. അങ്ങനെയല്ല നിങ്ങള്‍ക്ക് സ്വന്തമായി സ്വപ്‌നങ്ങള്‍ ഉണ്ടാകണം. അത് പറയാനാണ് ഞാനിവിടെ വന്നത്. നിങ്ങള്‍ക്ക് എന്ത് വേണമെന്ന് നിങ്ങള്‍ സ്വപ്‌നം കാണണം അത് നിങ്ങള്‍ക്ക് തീര്‍ച്ചയായും നേടാനാകും. നിങ്ങള്‍ ചിലപ്പോള്‍ തോറ്റുപോയേക്കാം, എങ്കിലും ശ്രമം തുടരുക.

ഈ രാജ്യത്തിന്റെ ഭാവി വിദ്യാര്‍ത്ഥികളിലാണെന്നും സാമന്ത കൂട്ടിച്ചേര്‍ത്തു.