ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദി ചൊവ്വാഴ്ച ജന്തര്‍ മന്തറില്‍ ധര്‍ണ്ണ സമരത്തില്‍ പങ്കെടുത്തു. ഓൾ ഇന്ത്യ ഫെയർ പ്രൈസ് ഷോപ്പ് ഡീലേഴ്‌സ് ഫെഡറേഷൻ വൈസ് പ്രസിഡന്‍റായ പ്രഹ്ലാദ് മോദി സംഘടന വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ സമരത്തിലാണ് പങ്കെടുത്തത്. നൂറുകണക്കിന് പേരാണ് ജന്തർമന്തറിൽ ബാനറുകളും മുദ്രവാക്യങ്ങളുമായി ചൊവ്വാഴ്ച സമരത്തിന് എത്തിയത്.

“നമ്മുടെ നിലനിൽപ്പിന് വേണ്ടിയുള്ള ഞങ്ങളുടെ ദീർഘകാല ആവശ്യങ്ങൾ നിരത്തി എഐഎഫ്പിഎസ്ഡിഎഫിന്റെ ഒരു പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു മെമ്മോറാണ്ടം നൽകും. നിലവിലെ ജീവിതച്ചെലവും കടകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ചെലവുകളും വർധിച്ച സാഹചര്യത്തിൽ, ഞങ്ങളുടെ മാർജിനിൽ കിലോയ്ക്ക് 20 പൈസ എന്ന വര്‍ദ്ധനവ് ക്രൂരമായ തമാശയാണ്. ഞങ്ങൾക്ക് ആശ്വാസം നൽകാനും ഞങ്ങളുടെ സാമ്പത്തിക ദുരിതങ്ങൾ അവസാനിപ്പിക്കാനും ഞങ്ങൾ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്നു” സമരവേദിയില്‍ പ്രതികരിച്ച പ്രഹ്ലാദ് മോദി പിടിഐയോട് പറഞ്ഞു.

എഐഎഫ്പിഎസ്ഡിഎഫ് ദേശീയ എക്‌സിക്യൂട്ടീവ് യോഗം ബുധനാഴ്ച ചേരുമെന്നും അതിന്‍റെ അടിസ്ഥാനത്തിൽ അടുത്ത നടപടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ കാണാനും പദ്ധതിയുണ്ടെന്ന് എഐഎഫ്പിഎസ്ഡിഎഫ് ദേശീയ ജനറൽ സെക്രട്ടറി ബിശ്വംഭർ ബസു പിടിഐയോട് പറഞ്ഞു.

അരി, ഗോതമ്പ്, പഞ്ചസാര എന്നിവയുടെ കച്ചവടത്തില്‍ സംഭവിക്കുന്ന നഷ്ടത്തിന് നഷ്ടപരിഹാരം നൽകണമെന്നും ഭക്ഷ്യ എണ്ണ, പയറുവർഗ്ഗങ്ങൾ എന്നിവ ന്യായവില കടകളിലൂടെ വിതരണം ചെയ്യണമെന്നും എഐഎഫ്പിഎസ്ഡിഎഫ് ആവശ്യപ്പെടുന്നത്. ‘പശ്ചിമ ബംഗാൾ റേഷൻ മോഡൽ’ സൗജന്യ വിതരണവും രാജ്യത്തുടനീളം നടപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ, ജമ്മു-കശ്മീർ ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങൾക്കും നൽകേണ്ട എല്ലാ മാര്‍ജിനുകളും ഉടൻ കൊടുത്തു തീര്‍ക്കാനും സംഘടന ആവശ്യപ്പെടുന്നു. ഭക്ഷ്യ എണ്ണ, പയറുവർഗ്ഗങ്ങൾ, എൽപിജി ഗ്യാസ് സിലിണ്ടറുകൾ എന്നിവ ന്യായവില കടകൾ വഴി വിതരണം ചെയ്യണമെന്നും സംഘടന കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു.

ഗ്രാമീണ മേഖലയിലെ ന്യായവില കട ഡീലർമാരെ അരിയുടെയും ഗോതമ്പിന്റെയും നേരിട്ടുള്ള സംഭരണ ​​ഏജന്റുമാരായി പ്രവർത്തിക്കാൻ അനുവദിക്കണം. ഞങ്ങളുടെ ആവശ്യങ്ങളും തൃണമൂല്‍ എംപി സൗഗത റോയി ലോക്സഭയില്‍ ഉന്നയിച്ചെന്നും. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും എഐഎഫ്പിഎസ്ഡിഎഫ് ദേശീയ ജനറൽ സെക്രട്ടറി ബിശ്വംഭർ ബസു പറഞ്ഞു.