സോണിയ നടുത്തളത്തിലിറങ്ങിയിട്ടും ഒപ്പം പോകാതെ രണ്ട് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍, ഒടുവില്‍ സംഭവിച്ചത്..
ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നാഷണല്‍ ഹെറാള്‍ഡിനെതിരെ നടത്തുന്ന നടപടികളില്‍ പ്രതിഷേധിച്ച് ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം പ്രക്ഷുബ്ധമായ സംഭവങ്ങളാണ് അരങ്ങേറിയത്. ഇതിനിടെയാണ് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്.

ഇതിനിടെയാണ് കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി ഡിഎംകെ എംപിയില്‍ നിന്നൊരു പരാതി കിട്ടിയത്. പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയപ്പോള്‍ സോണിയയുടെ പാര്‍ട്ടിയിലെ രണ്ട് പേര്‍ സ്വന്തം ഇരിപ്പിടത്തിന് സമീപം എഴുന്നേറ്റ് നില്‍ക്കുക മാത്രമാണ് ചെയ്തതെന്ന് പരാതിയില്‍ ബോധിപ്പിച്ചിരുന്നു.

കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതടക്കം നിരവധി കാരണങ്ങള്‍ നിരത്തിയാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്. സഭ നിര്‍ത്തി വച്ച ശേഷം ഉച്ചയോടെ വീണ്ടും സമ്മേളിച്ചപ്പോള്‍ കോണ്‍ഗ്രസ്, ഡിഎംകെ, ഇടതുപാര്‍ട്ടികള്‍ എന്നിവയുടെ അംഗങ്ങള്‍ ചേര്‍ന്ന് സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി നടുത്തളത്തിലിറങ്ങി. കോണ്‍ഗ്രസ് അംഗം കാര്‍ത്തി ചിദംബരവും ശശി തരൂരും തങ്ങളുടെ ഇരിപ്പിടത്തിനരികില്‍ നില്‍ക്കുകയാണ് ചെയ്തത്. നടുത്തളത്തിലിറങ്ങിയില്ല. തമിഴ്‌നാട് ഡിഎംകെ എംപി ദയാനിധി മാരന്‍ ഇക്കാര്യം സോണിയയോട് പരാതിപ്പെട്ടു.

ചിരിയായിരുന്നു സോണിയയുടെ മറുപടി. ഞാന്‍ നടുത്തളത്തിലിറങ്ങാമെന്ന് പറയുകയും ചെയ്തു. അവര്‍ എഴുന്നേറ്റ് നടുത്തളത്തിലേക്ക് നടന്നപ്പോള്‍ മറ്റുള്ളവര്‍ അവരെ തടഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ തടസവാദങ്ങളും ഉന്നയിച്ചു. ഇതോടെ ശശിതരൂരും കാര്‍ത്തി ചിദംബരവും നടുത്തളത്തിലിറങങാന്‍ നിര്‍ബന്ധിതരായി.

പിന്നീട് സഭ നാല് മണി വരെ നിര്‍ത്തി വച്ചു. നാഷണല്‍ ഹെറാള്‍ഡ് പ്രശ്‌നം സഭയില്‍ ഉയര്‍ത്താന്‍ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ശ്രമിച്ചെങ്കിലും അനുമതി നിഷേധിച്ചു. ജിഎസ്ടി വിഷയത്തിലും പ്രതിപക്ഷം അതൃപ്തി അറിയിച്ചു.