മുംബൈ: മുന്‍കാലങ്ങളില്‍ ശിവസേനയെ പിളര്‍ത്താനാണ് ശ്രമം നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ പാര്‍ട്ടിയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ശിവസേനാ മേധാവി ഉദ്ധവ് താക്കറെ. സ്വന്തം വസതിയായ മാതോശ്രീയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി സംവദിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസത്ാവന. എന്നാല്‍ തനിക്ക് നീതിന്യായ സംവിധാനത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും താക്കറെ പറഞ്ഞു.

വിമത നേതാവും മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ ഏകനാഥ് ഷിന്‍ഡെയെയും അദ്ദേഹത്തോടൊപ്പമുള്ള സേന എംഎല്‍എമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് താക്കറെയുടെ നേതൃത്വത്തിലുള്ള വിഭാഗം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. താക്കറെയുടെ പരാതിയില്‍ സംസ്ഥാനത്ത് ഇപ്പോഴുണ്ടായിട്ടുള്ള ഭരണഘടനാ പ്രശ്‌നങ്ങളില്‍ വിശദീകരണം നല്‍കാന്‍ ഷിന്‍ഡെയോടും കൂട്ടരോടും സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടു.

പ്രത്യയശാസ്ത്രത്തിലൂന്നി നില്‍ക്കുന്ന പാര്‍ട്ടികള്‍ നിലനില്‍ക്കുമെന്നും കുടുംബ വാഴ്ചയുള്ള പാര്‍ട്ടികള്‍ നശിച്ച് പോകുമെന്നും കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് താക്കറെ ഈ പ്രസ്താവന നടത്തിയത്. പാര്‍ട്ടിയെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കഴിഞ്ഞ ദിവസം പാര്‍ട്ടി എംപി സഞ്ജയ് റാവത്തിന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്‌ഡെന്നും അദ്ദേഹം ആരോപിച്ചു.

1966ല്‍ ബാല്‍താക്കറെ സ്ഥാപിച്ച ശിവസേനയില്‍ നിന്ന് ശക്തരായ പലനേതാക്കളും മുന്‍കാലങ്ങളില്‍ പുറത്ത് പോയിരുന്നു. എന്നാല്‍ ജൂണില്‍ സേനയുടെ 55 എംഎല്‍എമാരില്‍ 40പേരെയും ഒപ്പം കൂട്ടി ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യ സര്‍ക്കാരില്‍ നിന്ന് മുതിര്‍ന്ന നേതാവ് ഏകനാഥ് ഷിന്‍ഡെയും നേതൃത്വത്തില്‍ ഒരു സംഘം വിട്ടുപോയത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്.