ആദ്യവിവാഹം മറച്ച് വച്ച് രണ്ടാമത് വിവാഹം കഴിച്ച്‌ ലൈംഗിക ബന്ധത്തിന് സമ്മതം വാങ്ങുന്നത് ബലാത്സംഗത്തിന് തുല്യം


ന്യൂഡൽഹി: ആദ്യവിവാഹം മറച്ച് വച്ച് രണ്ടാം വിവാഹം നടത്തി ലൈംഗിക ബന്ധത്തിന് സമ്മതം തേടിയാൽ അത് പ്രഥമദൃഷ്ട്യാ ബലാത്സംഗത്തിന് തുല്യമാകുമെന്ന് ബോംബെ ഹൈക്കോടതി.
മറാതി നടി നൽകിയ ബലാത്സംഗക്കേസിൽ കുറ്റവിമുക്തനാക്കണമെന്ന സിദ്ധാർത്ഥ ബന്തിയ എന്നയാളുടെ ഹർജി കോടതി തള്ളി. അഡീഷണൽ സെഷൻസ് ജഡ്ജിന്റെ വിധി ചോദ്യം ചെയ്ത് സമർപിച്ച ഹർജി ജസ്റ്റിസ് എൻജെ ജമാദാറിന്റെ സിംഗിൾ ബെഞ്ച് പരിഗണിക്കുമ്പോഴാണ് ഈ നിരീക്ഷണം നടത്തിയത്.

കേസ് ഇങ്ങനെ

‘2008 ൽ ഒരു പൊതുസുഹൃത്ത് മറാതി നടിയെ സിദ്ധാർത്ഥ് ബന്തിയയ്ക്ക് പരിചയപ്പെടുത്തി. താൻ അവിവാഹിതനാണെന്ന് പറഞ്ഞ ഇദ്ദേഹം 2010 ജൂണിൽ നടിയോട് വിവാഹ അഭ്യർഥന നടത്തി. ഒരു മാസത്തിനുശേഷം, വെർസോവയിൽ, ഇരുവരും വിവാഹിതരായി ഒരുമിച്ച്‌ ജീവിക്കാൻ തുടങ്ങി. ഏകദേശം രണ്ട് മാസത്തിന് ശേഷം നടിക്ക് ഒരു സ്ത്രീയുടെ ഫോൺ കോൾ വന്നു. താൻ സിദ്ധാർത്ഥയുടെ ഭാര്യയാണെന്നും തങ്ങൾക്ക് രണ്ട് കുട്ടികളുണ്ടെന്നും അവർ അവകാശപ്പെട്ടു. ഇതേക്കുറിച്ച്‌ നടി സിദ്ധാർത്ഥിനോട് സംസാരിച്ചപ്പോൾ, തന്റെ മുൻ വിവാഹം വേർപെടുത്തിയതായി അദ്ദേഹം അവകാശപ്പെട്ടു. വിവാഹമോചനം നേടിയതായി പറയുന്ന രേഖകളും അദ്ദേഹം കാണിച്ചു.

പിന്നീട് ഒരു ഹോട്ടലിൽ വച്ച്‌ നടിയും സിദ്ധാർത്ഥും വിവാഹ വാർഷികം ആഘോഷിക്കുകയും അവരുടെ ഫോട്ടോകൾ പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തപ്പോൾ ആദ്യഭാര്യ അവരുടെ വീട്ടിലേക്ക് വന്ന് ബഹളം വെച്ചു. തുടർന്ന് താൻ കാണിച്ച വിവാഹമോചന രേഖകൾ വ്യാജമാണെന്ന് സിദ്ധാർത്ഥ് സമ്മതിച്ചു. ഇതിന് പിന്നാലെയാണ് 2013ൽ സിദ്ധാർത്ഥിനെതിരെ ഐപിസി സെക്ഷൻ 420, 406, 467, 471, 474, 376, 323, 504, 506(i), 494 എന്നീ വകുപ്പുകൾ പ്രകാരം പൂനെയിലെ ദത്തവാദി പൊലീസ് സ്റ്റേഷനിൽ നടി പരാതി നൽകിയത്’, കോടതി ഹർജി ഉദ്ധരിച്ച്‌ ഹിന്ദുസ്താൻ ടൈംസ് റിപോർട് ചെയ്തു.

പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. ഇതിനെതിരെ സിദ്ധാർത്ഥ് തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പൂനെ സെഷൻസ് കോടതിയിൽ ഹർജി നൽകി. വാദത്തിന് ശേഷം, 2021 സെപ്റ്റംബർ മൂന്നിന് സെഷൻസ് കോടതി ബലാത്സംഗ കുറ്റങ്ങൾ ഒഴിവാക്കാൻ വിസമ്മതിക്കുകയും ഹർജി തള്ളുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സിദ്ധാർത്ഥ് ബോംബെ ഹൈകോടതിയെ സമീപിച്ചത്.

ഒരു പരിപാടിയിൽ ഭർത്താവായി അഭിനയിക്കാൻ നടി തന്നോട് ആവശ്യപ്പെട്ടതിനാൽ വിവാഹവും വാർഷികാഘോഷങ്ങളും വെറും നാടകമാണെന്ന് സിദ്ധാർത്ഥ് ഹൈകോടതിയിൽ അവകാശപ്പെട്ടതായി ലൈവ് ലോ റിപോർട് ചെയ്തു. അതേസമയം, വിവാഹിതനായിരുന്നിട്ടും സിദ്ധാർത്ഥ് നടിയെ വശീകരിച്ച്‌ വിവാഹം കഴിച്ചുവെന്നും ഭർത്താവായി നടിച്ചാണ് നടിക്കൊപ്പം താമസിച്ചതെന്നും നടിയുടെ അഭിഭാഷകൻ വാദിച്ചു. ഐപിസി സെക്ഷൻ 375(4) പ്രകാരം ബലാത്സംഗത്തിന് കീഴിലാണ് ഇത് വരുന്നത്. വാദം കേട്ട കോടതി, നടിയുടെ ഭർത്താവാണെന്ന് നടിച്ച്‌ പ്രതി മനഃപൂർവം ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതായും താൻ നേരത്തെ വിവാഹിതനാണെന്ന് നടി അറിഞ്ഞിരുന്നെങ്കിൽ അവർ അതിന് സമ്മതിക്കില്ലായിരുന്നുവെന്നും കോടതി വ്യക്തമാക്കി.

Advertisement