സ്മൃതി ഇറാനിയുടെ മകൾ അനധികൃത ബാർ നടത്തിയെന്നാരോപിച്ചുള്ള ട്വീറ്റുകളും വിഡിയോകളും റീട്വീറ്റുകളും 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യാൻ ഹൈക്കോടതിനിർദേശം

ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകൾ ഗോവയിൽ അനധികൃത ബാർ നടത്തിയെന്നാരോപിച്ചുള്ള ട്വീറ്റുകളും വിഡിയോകളും റീട്വീറ്റുകളും 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യാൻ ജയ്റാം രമേഷ്, പവൻ ഖേര, നെറ്റ ഡിസൂസ എന്നീ കോൺഗ്രസ് നേതാക്കളോട് ഡൽഹി ഹൈക്കോടതിയുടെ നിർദേശം.

സ്മൃതി ഇറാനി നൽകിയ മാനനഷ്ടക്കേസിലാണ് കോടതിയുടെ നടപടി. ഓഗസ്റ്റ് 18ന് കോടതിയിൽ ഹാജരാകാനും നേതാക്കളോട് ഹൈക്കോടതി ഉത്തരവിട്ടു.

കോൺഗ്രസ് നേതാക്കൾ ട്വീറ്റുകൾ നീക്കം ചെയ്തില്ലെങ്കിൽ ട്വിറ്റർ ഇവ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് മിനി പുഷ്കർണയുടേതാണ് നടപടി. യഥാർഥ വസ്തുതകൾ പരിശോധിക്കാതെയാണ് പരാതിക്കാരിക്കെതിരെ അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടതെന്ന് കോടതി പ്രഥമദൃഷ്ട്യാ വിലയിരുത്തി. കോടതിക്ക് മുന്നിൽ വസ്തുതകൾ അവതരിപ്പിക്കുമെന്ന് കോടതിയുടെ ഉത്തരവിനു പിന്നാലെ ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.

സ്മൃതി ഇറാനിയുടെ മകളുടെ ഗോവയിലെ റസ്റ്ററന്റിന് വളഞ്ഞവഴിയിലൂടെ ബാർ ലൈസൻസ് സംഘടിപ്പിച്ചെന്നായിരുന്നു ആരോപണം.

Advertisement