തമിഴ്‌നാട്ടിൽ പ്ലസ് വൺ വിദ്യാർഥിനി തൂങ്ങി മരിച്ചു; രണ്ടാഴ്ച്ചക്കിടെ നാലാമത്തെ മരണം

Advertisement

ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ. ശിവകാശിക്ക് സമീപമുള്ള അയ്യമ്പട്ടി ഗ്രാമത്തിലെ പ്ലസ് വൺ വിദ്യാർഥിയാണ് തൂങ്ങിമരിച്ചത്.ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല.പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംസ്ഥാനത്ത് അടുത്തിടെ നടക്കുന്ന നാലാമത്തെ വിദ്യാർഥി ആത്മഹത്യയാണിത്.

ഇന്നലെ വൈകിട്ടാണ് സംഭവം.പടക്ക നിർമാണശാലയിൽ ജോലിചെയ്യുന്ന കണ്ണൻ മീന ദമ്പതികളുടെ മകളാണ് വീടിനുള്ളിൽ മരിച്ചത്. മാതാപിതാക്കൾ ജോലിസ്ഥലത്തിരിക്കെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.സംഭവ സമയത്ത് അമ്മൂമ്മയാണ് വീട്ടിൽ ഉണ്ടായിരുന്നത്. പുറത്തിറങ്ങി വീട്ടിൽ തിരിച്ചെത്തിയ അമ്മൂമ്മയാണ് ആത്മഹത്യ ആദ്യം കണ്ടത്.ഉടൻ തന്നെ പോലിസിൽ വിവരമറിയിക്കുകയായിരുന്നു.പോലിസ് സ്ഥലത്തെത്തി പെൺകുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ശിവകാശി സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അടുത്തിടേ തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലും തിരുവള്ളൂരിലും കടലൂരിലും സമാനമായ ആത്മഹത്യകൾ നടന്നിരുന്നു.കടലൂർ ജില്ലയിലെ വിരുദ്ധാചലം സ്വദേശിയായ പെൺകുട്ടിയാണ് ഇന്നലെ മരിച്ചത്.കുട്ടിയെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു പെൺകുട്ടി. പഠിക്കാനുള്ള സമ്മർദ്ദത്തെ തുടർന്നാണ് ജീവനൊടുക്കുന്നത് എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് മുറിയിൽ നിന്ന് കണ്ടെടുത്തു. അമ്മ ശകാരിച്ചതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി കുട്ടി വിഷാദത്തിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

തിങ്കളാഴ്ച പുലർച്ചെ തിരുവള്ളൂർ ജില്ലയിലെ സർക്കാർ എയ്ഡഡ് സ്‌കൂളിലെ 12ാം ക്ലാസുകാരി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തിരുന്നു.കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.മൃതദേഹം ഏറ്റുവാങ്ങില്ല എന്ന നിലപാടിലായിരുന്നു കുടുംബമെങ്കിലും ഇന്നലെ രാവിലെ അവർ തീരുമാനം മാറ്റി. ജന്മനാടായ തിരുത്തണിയിൽ സംസ്‌കാരച്ചടങ്ങ് നടന്നു.ജൂലായ് 13ന് കള്ളക്കുറിച്ചിയിലും പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തിരുന്നു.

കൗമാരക്കാരായ വിദ്യാർഥികളുടെ ആവർത്തിച്ചുള്ള മരണങ്ങളിൽ മുഖ്യമന്ത്രി സ്റ്റാലിൻ ഉൽകണ്ഠ രേഖപ്പെടുത്തി. ജീവിതം അമൂല്യമാണെന്നും ഏത് സാഹചര്യത്തിലായാലും ആത്മഹത്യാ ചിന്ത വെടിയണമെന്നും അദ്ദേഹം പറഞ്ഞു.

Advertisement