ഇല അനങ്ങിയാൽ പടിഞ്ഞാറെ കല്ലട ഇരുട്ടിൽ; ഈ ദുരവസ്ഥയ്ക്ക് അറുതി വരുത്തണമെന്ന് അധികൃതരോട് അഭ്യർത്ഥിച്ച് കല്ലട സൗഹൃദം കൂട്ടായ്മ

പടിഞ്ഞാറെ കല്ലട: കാലവർഷം ശക്തി പ്രാപിച്ചതോടെ പടിഞ്ഞാറെ കല്ലടയിൽ വൈദ്യുതി മുടക്കം പതിവായിരിക്കുന്നു. മരം വീണതിന്റെയും മണ്ണിടിഞ്ഞതിന്റെയും പേരിൽ ദിവസങ്ങളോളം ഒരു നാട് മുഴുവൻ പൂർണമായി ഇരുട്ടിൽ കഴിയേണ്ടി വരുന്ന സ്ഥിതി.

പതിവായി വൈദ്യുതി മുടങ്ങുന്നത് നിത്യരോഗികളേയും വിദ്യാർത്ഥികളെയും തൊഴിൽ ശാലകളെയും സാരമായി ബാധിക്കുന്നു. രോ​ഗികളുടെ ഫ്രീസറിൽ സൂക്ഷിച്ചിട്ടുള്ള മരുന്ന് സംരക്ഷണം, വിദ്യാർത്ഥികളുടെ പഠനം, വൈദ്യുതി ഉപയോഗിച്ചുള്ള തൊഴിൽ ശാലകളുടെയും തൊഴിൽ യന്ത്രങ്ങളുടെയും പ്രവർത്തനം തുടങ്ങിയവ തടസപ്പെടുന്നു. ചിലരെങ്കിലും ഇപ്പോഴും വർക്ക് ഫ്രം ഹോം സംവിധാനത്തിൽ തുടരുന്നതിനാൽ ഇവരും വൈദ്യുതിയും ഇന്റർനെറ്റും ലഭിക്കാതെ നെട്ടോട്ടമോടുന്ന അവസ്ഥയുണ്ട്.

ആദിക്കാട് ജംഗ്ഷൻ വരെ മെയിൻ റോഡിൽകൂടി വരുന്ന 11KV ലൈൻ പടിഞ്ഞാറെ കല്ലടയിൽ പ്രവേശിക്കുന്നത് കൂടി വീടുകൾക്ക് മുകളിലൂടെയും പുരയിടങ്ങളിലൂടെയും ചതുപ്പ് നിലങ്ങളിലൂടെയും ആണ് കടന്ന് പോകുന്നത്,11KV ലൈൻ പൂർണ്ണമായും റോഡിൽക്കൂടി മാറ്റി സ്ഥാപിക്കാത്തിടത്തോളം കാലം ഈ അവസ്ഥക്ക് മാറ്റം വരാൻ പോകുന്നില്ലെന്ന് ഈ രം​ഗത്തെ വിദ​ഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.,11KV ലൈൻ ഏർത് ഫൗൾട്ട് ഉണ്ടായാൽ ആചാരം എന്ന പോലെ മൂന്ന് ടെസ്റ്റിംഗ് ചാർജ് കഴിഞ്ഞാൽ കെഎസ് ഇബി തങ്ങളുടെ പണി നിർത്തുവെന്നും ഇവർ ആരോപിക്കുന്നു.


എന്തുകൊണ്ട് പടിഞ്ഞാറെ കല്ലടയ്ക്ക് മാത്രം ഈ ദുരവസ്ഥ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. സമീപ പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ വൈദ്യുതി ഉള്ളപ്പോൾ നമ്മൾ അപ്പോഴും ഇരുട്ടിൽത്തന്നെയാണ്. കാലവും സാങ്കേതികതയും ഇത്രയേറെ പുരോ​ഗമിച്ചിട്ടും വൈദ്യുതിത്തകരാറുകൾ പരിഹരിക്കാൻ ഇത്രയേറെ കാലതാമസം വരുന്നത് എന്ത് കൊണ്ടാണെന്ന ചോദ്യവും നാട്ടുകാർ ഉയർത്തുന്നു.
നാടിന്റെ ഈ ദുരവസ്ഥ അധികൃതരുടെ ശ്രദ്ധയിൽ പെടുത്താനുള്ള ശ്രമത്തിലാണ് കല്ലട സൗഹൃദം കൂട്ടായ്മ. വകുപ്പ് മന്ത്രിയും സ്ഥലം എംഎൽഎയും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ഇവർ ആവശ്യപ്പെടുന്നു. നേരിട്ട് ഇരുവർക്കും പരാതി നൽകാനുള്ള ശ്രമങ്ങളും കൂട്ടായ്മ തുടങ്ങിയിട്ടുണ്ട്.
പഞ്ചായത്ത് അധികൃതരും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് കല്ലട സൗഹൃദം കൂട്ടായ്മ ആവശ്യപ്പെട്ടു.

Advertisement