കൊല്ലം. അന്യദേശത്ത് വേരോടിയ പ്രണയ വല്ലരി വേണാട്ടില്‍ തളിര്‍ത്തു അയര്‍ലന്റില്‍ നിന്നും കൊല്ലംകാരന് വധു. കിളികൊല്ലൂര്‍ പ്രിയദര്‍ശിനി നഗറില്‍ കാര്‍ത്തികയില്‍ അമൃതത്തിന്റേയും സുനിത ദത്തിന്റേയും മകന്‍ വിഷ്ണുദത്തിന് അയര്‍ലണ്ടുകാരി ക്ലോയിസോഡ്സ് ആണ് വധുവായത്.

എംബിഎയ്ക്കു പഠിക്കാന്‍ അയര്‍ലണ്ടില്‍ മൂന്നുകൊല്ലം മുമ്ബ് പോയ വിഷ്ണു. അവിടെ സാധാരണ വിദ്യാര്‍ഥികള്‍ ചെയ്യുന്നതുപോലെ ഒരു സ്ഥാപനത്തില്‍ ജോലി കൂടി ചെയ്യുന്നുണ്ട്. ഇതിനിടെ ആണ് ക്ലോയിയുമായി പ്രണയത്തിലായത്.വീട്ടുകാരുടെ അറിവോടെ തന്നെ അവിടെവച്ച് ഇവരുടെ വിവാഹം നടത്തിയിരുന്നു.

വിഷ്ണുവിന്റെ സഹോദരി പൂജാ ദത്തിന്റെ വിവാഹത്തിനായി എത്തിയ വിഷ്ണുവിനൊപ്പം ക്‌ളോയിയും എത്തി. ഞായറാഴ്ചയായിരുന്നു പൂജയുടെ വിവാഹം. ഇന്നലെ ഇരുവരും കൊല്ലം കിളികൊല്ലൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ വീട്ടുകാരുടെ സാന്നിധ്യത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. ഇനി കേരളം ക്‌ളോയിയെ പരിചയപ്പെടുത്താന്‍ ചിലയാത്രകള്‍ അതിനുശേഷം ഇരുവരും അയര്‍ലണ്ടിലേക്കുപോകും.