കൊല്ലം. ശക്തികുളങ്ങരയിൽ മീൻപിടിത്തവള്ളം മറിഞ്ഞ്‌ കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തിരച്ചിൽ വിഫലം. ശക്തികുളങ്ങര മൂലയിൽത്തോപ്പ് വീട്ടിൽ ആന്റോ എബ്രഹാമി (56)നായുള്ള തിരച്ചിലാണ്‌ ചൊവ്വ രാവിലെ ആറുമുതൽ സന്ധ്യവരെ തുടർന്നത്‌. കൊച്ചിയിൽനിന്ന്‌ എത്തിയ നേവി ഉൾപ്പെടെ മണിക്കൂറോളം തിരച്ചിൽ നടത്തിയിരുന്നു. കരയിൽനിന്ന്‌ 35 നോട്ടിക്കൽ മൈൽ ദൂരംവരെ തിരച്ചിൽ നടന്നു.


ശക്തികുളങ്ങര, ബീച്ച്‌, തിരുമുല്ലവാരം, തങ്കശ്ശേരി, കാട്ടിൽക്കടവ്‌, അഴീക്കലിനു സമീപം തുടങ്ങിയ ദിക്കുകളിലും തിരച്ചിൽ നടത്തി. വൈകിട്ട്‌ അഞ്ചോടെ ഫ്ലോട്ടിങ് ബോട്ടുകളിലുള്ള നേവിയുടെ തിരച്ചിൽ അവസാനിപ്പിച്ചു. വെളിച്ചക്കുറവിനെത്തുടർന്ന്‌ പിന്മാറുകയായിരുന്നു. എന്നാൽ, കോസ്റ്റൽ പൊലീസിന്റെ രണ്ടു ബോട്ട്‌ സന്ധ്യവരെ തിരച്ചിൽ തുടർന്നു. സിഐ ആർ രാജേഷ്‌, എസ്‌ഐ രാധാകൃഷ്‌ണൻ, സിപിഒ ദിലീപ്‌, അരുൺ രാമകൃഷ്‌ണൻ, ഷാജിമോൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു തിരച്ചിൽ.


ഗോവയിൽ പരിശീലനം ലഭിച്ച മത്സ്യത്തൊഴിലാളികൾ അടങ്ങിയ സീ റെസ്‌ക്യൂ സ്‌ക്വാഡും മറൈൻ കോസ്റ്റൽ പൊലീസിന്റെ വക ബോട്ടും മത്സ്യത്തൊഴിലാളികളുടെ വക ബോട്ടുകളും വള്ളങ്ങളും തിരച്ചലിൽ പങ്കെടുത്തു. ബുധനാഴ്‌ചയും എല്ലാ സർക്കാർ സംവിധാനങ്ങളും തിരച്ചിൽ തുടരുമെന്ന്‌ ഫിഷറീസ്‌ വകുപ്പ്‌ അധികൃതർ അറിയിച്ചു. തിങ്കൾ പുലർച്ചെ 5.30നു ഹാർബറിനു സമീപത്തെ പുലിമുട്ടിനോട്‌ ചേർന്നാണ്‌ വള്ളംമറിഞ്ഞത്‌. രണ്ടുപേരെയാണ്‌ കണാതായത്‌. ഇതിൽ ശക്തികുളങ്ങര ഈരയിൽ വീട്ടിൽ പ്രത്താസ്‌ ഇസ്റ്റേവിന്റെ മൃതദേഹം തിങ്കൾ വൈകിട്ട്‌ തിരുമുല്ലവാരം പള്ളിക്കു സമീപം കണ്ടെത്തിയിരുന്നു. രണ്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു.

 കൊച്ചിയിൽനിന്നു നേവിയും ഫിഷറീസ്‌ വകുപ്പിന്റെ ആവശ്യപ്രകാരം എത്തിയിരുന്നു. നേവിയുടെ ഫ്ലോട്ടിങ് ബോട്ടുകൾ കൂടാതെ ഫിഷറീസ്‌ വകുപ്പിന്റെ നവീകരിച്ച എഫ്‌ആർപി ബോട്ടുകളും ഗോവയിൽ പരിശീലനം ലഭിച്ച മത്സ്യത്തൊഴിലാളികൾ അടങ്ങിയ സീ റെസ്‌ക്യൂ സ്‌ക്വാഡും മറൈൻ കോസ്റ്റൽ പൊലീസിന്റെ വക ബോട്ടും പങ്കെടുത്തു. മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും വള്ളങ്ങളും തിരച്ചിലിൽ പങ്കെടുത്തു. ട്രോളിങ്‌ നിരോധനംമൂലം മത്സ്യബന്ധന ബോട്ടുകൾക്ക്‌ കടലിൽ പോകാൻ അനുമതി ഇല്ലായിരുന്നു.  തുടർന്ന്‌ സുജിത്‌ വിജയൻപിള്ള എംഎൽഎ കലക്ടർ, സിറ്റി പൊലീസ്‌ കമീഷണർ എന്നിവരോട്‌ സംസാരിച്ച്‌ അനുമതി വാങ്ങിയതോടെയാണ്‌ ബോട്ടുകൾക്ക്‌ തിരച്ചിലിന്‌ പോകാൻ കഴിഞ്ഞത്‌. എൻഫോഴ്‌സ്‌മെന്റ്‌ വിഭാഗവും 24 മണിക്കൂറും ഉണർന്നു പ്രവർത്തിച്ചു.