വനത്തിൽ അതിക്രമിച്ചു കടന്ന യൂട്യൂബർ ഒളിവില്‍, അറസ്റ്റിന് വനം വകുപ്പ് നടപടി

കൊല്ലം. കുളത്തുപ്പുഴ മാമ്പഴത്തറ വനത്തിൽ അതിക്രമിച്ചു കടന്ന യൂട്യൂബർ ഒളിവില്‍, അറസ്റ്റിന് വനം വകുപ്പ് നടപടി തുടങ്ങി. അമല അനു എന്ന യൂട്യൂബര്‍ സംഭവത്തെതുടര്‍ന്ന് ഒളിവിലാണ്.സൈബർ സെല്ലിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യാനാണ് നീക്കം. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് വനം വകുപ്പ് പുനലൂർ വനം കോടതിയിൽ സമർപ്പിച്ചു.

വനംവകുപ്പ് ഉദ്യോഗസ്ഥർ അമല അനുവിന്റെ വീട്ടിലെത്തി 24 മണിക്കൂറിനുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് മാതാവിൻ്റെ കൈവശം നൽകിയിരുന്നു. ഇത് പാലിക്കാത്തതിനെ തുടർന്നാണ് ഒളിവിലുള്ള അമല അനുവിനെ സൈബർസെല്ലിന്റെ സഹായത്തോടെ കണ്ടെത്താൻ നീക്കം നടത്തുന്നത്. ആലപ്പുഴ എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. കേന്ദ്ര വനം വന്യജീവി നിയമം, കേരള വനനിയമം എന്നിവ അനുസരിച്ച് ജാമ്യമില്ലാ വകുപ്പുകളാണ് യൂട്യൂബർക്കെതിരെ ചുമത്തിയിട്ടുള്ളത്. ഏഴുവർഷം വരെ തടവും 10000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് വകുപ്പിൽ ഉള്ളത്.

എട്ടുമാസം മുൻപാണ് മാമ്പഴത്തറയിലെ റിസർവ് വനത്തിൽ അതിക്രമിച്ചു കടന്ന് അമല വീഡിയോ ചിത്രീകരിച്ചത്. ഈ വീഡിയോ ഇവരുടെ യൂടൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. വീഡിയോയിൽ ഇവരെ ആന ആക്രമിക്കാൻ ഓടിക്കുന്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നു. ആനയെ ഹെലിക്യാം ഉപയോഗിച്ച് ഷൂട്ടുചെയ്യുന്നുണ്ട്. ഇത് വൈറലായതോടെയാണ് വനം വകുപ്പ് സ്വമേധയാ കേസെടുത്തത്.

Advertisement