കരുനാഗപ്പള്ളിരേഖകൾ -8
ഡോ. സുരേഷ്മാധവ്

എൻ എസ് എസ് കരയോഗത്തിന്റെ വക എസ് എൻ ഡി പി നേതാവിന് സ്മാരകമന്ദിരം. കേരളത്തിലെവിടെയെങ്കിലും ഇങ്ങനെ ഒരു സംഭവം നടന്നതായി ആരെങ്കിലും ചിന്തിക്കുമോ? എന്നാൽ, അങ്ങനെയൊരു “അത്ഭുതം” പന്മന പനയന്നാർകാവിൽ നടന്നിട്ടുണ്ട്.

കാലം 1951. കേരളത്തിന്റെ ഉരുക്കുമനുഷ്യനായ കുമ്പളത്തുശങ്കുപ്പിള്ള(1898-1969)യും വൈക്കം സത്യാഗ്രഹനായകനായ ടി. കെ മാധവനു(1885-1930)മാണ് കഥാപാത്രങ്ങൾ.1925ൽ പുത്തൻതെരുവിൽ ടി. കെ മാധവന്റെ തെരഞ്ഞെടുപ്പു പ്രസംഗത്തെ എതിർത്തുകൊണ്ടായിരുന്നു കുമ്പളത്തിന്റെ ആദ്യത്തെ പ്രസംഗം.. രണ്ടു പേരും സമുദായരംഗത്തും പൊതുരാഷ്ട്രീയത്തിലും ഒരുപോലെ പ്രവർത്തിച്ചു കയറിവന്നവർ. ചവറ -കരുനാഗപ്പള്ളി ഭാഗങ്ങളിലെ എൻ എസ് എസ് സമ്മേളനങ്ങൾക്ക് നേതൃത്വം നൽകികൊണ്ടാണ് കുമ്പളം പൊതുരംഗത്തിറങ്ങിയത്.1921ൽ കരുനാഗപ്പള്ളിയിൽ നടന്ന എസ് എൻ ഡി പി യോഗം സമ്മേളനത്തിൽ വെച്ചാണ് ടി. കെ മാധവൻ ആദ്യമായി യോഗത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറിയായത്.1927ൽ ജനറൽ സെക്രട്ടറിയായി.ഇതിനിടയിൽ തിരുനെൽവേലിയിൽ വെച്ച് ഗാന്ധിജിയെകണ്ട് അയിത്തക്കാരുടെ ദുരിതങ്ങൾ പറഞ്ഞപ്പോൾ, ടി. കെ യുടെ കർമവീര്യം ഗാന്ധിജിയും മനസ്സിലാക്കി.ജാതിവ്യവസ്ഥ പൊളിക്കുക എന്ന വിചാരത്തിൽ നടന്ന കുമ്പളം 1927-31കാലഘട്ടത്തിൽ പനയന്നാർകാവ് ക്ഷേത്രവും കണ്ണൻകുളങ്ങര ക്ഷേത്രവും അധസ്ഥിതർക്കായി തുറന്നുകൊടുത്തു.

വൈക്കം സത്യാഗ്രഹത്തിന് ശേഷം എസ് എൻ ഡി പി യോഗത്തിന്റെ സെക്രട്ടറിസ്ഥാനം ഏറ്റെടുത്ത ടി. കെ മാധവൻ ഒരു വർഷം കൊണ്ട് അമ്പതിനായിരം പേരെ യോഗത്തിൽ ചേർത്ത് നാരായണഗുരുവിനെപ്പോലും അതിശയിപ്പിച്ചുകളഞ്ഞു!”ഈഴവൻ എന്നത് ജാതിയോ മതമോ അല്ല. ഏതു സമുദായക്കാർക്കും ഇതിൽ അംഗമാകാം””എന്ന നാരായണഗുരുവാക്യം മുൻനിർത്തിആയിരുന്നല്ലോ ടി. കെ യുടെ സംഘടനാപ്രവർത്തനം.”മന്നവും തങ്ങൾകുഞ്ഞു മുസലിയാരും അടക്കം അമ്പതിലധികം പേർ വേറെ ജാതി-സമുദായങ്ങളിൽ നിന്നുള്ളവരായിരുന്നു. അന്നത്തെ അംഗത്വഫീസ് നൂറു രൂപ ആയിരുന്നു എന്നും ഓർക്കുക.!സർവസമുദായസാഹോദര്യം ജീവിതധർമ്മമായി സ്വീകരിച്ച മാധവന് സവർണഹിന്ദു സംഘടനകൾ മംഗളപത്രം സമർപ്പിക്കുകയുണ്ടായി. “ഒരു സമുദായത്തിന് വേണ്ടിയല്ല, ഇന്ത്യാസാമ്രാജ്യത്തിനു വേണ്ടി പ്രവർത്തിക്കേണ്ടതാകുന്നു നമ്മുടെ ധർമം “എന്നായിരുന്നു ആ മഹാവാഗ്മിയുടെ നിലപാട്.!

അതിവേഗത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന തന്റെ ആയുസ്സും പെട്ടെന്ന് തീർന്നുപോകുമെന്ന് അദ്ദേഹം ചിന്തിച്ചിരുന്നോ എന്നറിയില്ല. നാൽപത്തിഅഞ്ചാമത്തെ വയസ്സിൽ രക്തക്ഷയം ബാധിച്ചു മരണപ്പെടുമ്പോൾ, ടി. കെ ഉയർത്തിവിട്ട പ്രകമ്പനങ്ങൾ കേരളത്തിൽ ശക്തിയാർജിച്ചു തുടങ്ങുകയായിരുന്നു.മരണത്തിനു തലേ ദിവസം സർദാർ കെ. എം പണിക്കർക്ക് ടി. കെ ഒരു കത്തെഴുതി :തന്റെ മകൾ രുഗ്മിണിയ്ക്ക് ഡൽഹിയിലെ ലേഡി ഹാർഡിംജ് മെഡിക്കൽ കോളേജിൽ ഒരു അഡ്മിഷൻ ശരിയാക്കാൻ സഹായിക്കണം.സർദാർ അത് സാധിച്ചു കൊടുക്കുകയും ചെയ്തു.1930 ഏപ്രിൽ 26നു ചെട്ടികുളങ്ങരയിലെ വീട്ടിൽ വെച്ച്, നാൽപത്തി അഞ്ചാം വയസ്സിൽ ടി. കെ മാധവൻ കാലത്തിൽ മറഞ്ഞു.ടി. കെയുടെ ഓർമയ്ക്കായി പനയന്നാർകാവിലെ എൻഎസ് എസ് കരയോഗംകുമ്പളത്തിന്റെ നേതൃത്വത്തിൽ “ടി. കെ മാധവസ്മാരകമന്ദിരം ” ഉണ്ടാക്കിയത് അക്കാലത്തു വലിയ ചർച്ചാവിഷയമായി. പ്രൊഫ. സി. ശശിധരകുറുപ്പ് എഴുതിയ “പുണ്യപുരുഷന്മാർ മരിച്ചുപോയ്‌ “എന്ന ലേഖനത്തിൽ ഈ സംഭവത്തെക്കുറിച്ച് പ്രചരിച്ച ഒരു കഥ സൂചിപ്പിക്കുന്നുണ്ട്.”എൻ എസ് എസിന്റെ കെട്ടിടത്തിനു എസ് എൻ ഡി പി നേതാവിന്റെ പേര്!അന്ന് ചില നാട്ടുപ്രമാണിമാർ സ്മാരകത്തിനു അങ്ങയുടെ പേരിട്ടുകൂടെ എന്നു കുമ്പളത്തിനോട് ചോദിച്ചു. അദ്ദേഹം ചിരിച്ചുകൊണ്ട് ഒരു കഥ പറഞ്ഞു. പണ്ടൊരു വൃദ്ധൻ മക്കളെയെല്ലാം വിളിച്ച് അടുത്തിരുത്തിയിട്ട് പറഞ്ഞു :എനിക്കൊരാഗ്രഹം, നിങ്ങളെല്ലാവരും കൂടി എന്റെ പതിനാറടിയന്തിരം ഒന്ന് നടത്തണം. അയ്യോ, അച്ഛാ, അതിനു അച്ഛൻ മരിച്ചിട്ടില്ലല്ലോ എന്നായി മക്കൾ. മരിച്ചാൽ നീയൊക്കെ ഒന്നും ചെയ്യുകില്ലെടാ. അതുകൊണ്ടാ ഇപ്പഴേ ചെയ്യാൻ പറഞ്ഞത്‌ എന്ന് അച്ഛൻ തിരിച്ചുംപറഞ്ഞു “


(ഒരു തെക്കൻ വീരഗാഥ) കുമ്പളവും ടി. കെ യും ചേർന്നുണ്ടായ ഈ അപൂർവ സമുദായസൗഹാർദ്ദത്തിനു പിൽകാലത്ത് ഒരു കുടുംബബന്ധത്തിന്റെ അനുബന്ധം കൂടിയുണ്ടായി. എട്ടുവീട്ടിൽ പിള്ളമാരുടെ പിൻതലമുറയിൽപ്പെട്ട സി എസ് നാരായണൻ നായർ വിവാഹം കഴിച്ചത്, ടി. കെ മാധവന്റെ മകൾ ഡോ. രുഗ്മിണിയെയാണ്.കുലകർമമല്ല, ഗുണകർമമാണല്ലോ മനുഷ്യൻ.
1951ഏപ്രിൽ 8നാണ് പനയന്നാർകാവിൽ എൻ എസ് എസ് കരയോഗം വകയായി ടി. കെ മാധവസ്മാരകമന്ദിരം സ്ഥാപിച്ചത്. ഇപ്പോൾ അവിടെ പോസ്റ്റ്‌ ഓഫീസ് പ്രവർത്തിക്കുന്നു